ബോധവല്‍ക്കരണ കാമ്പെയ്‌നുകളുടെ സ്വാധീനം വിലയിരുത്തല്‍: സൗദി ആരോഗ്യ മന്ത്രാലയം മലയാളത്തിലും വിവരങ്ങള്‍ ശേഖരിക്കുന്നു

ജിദ്ദ: സൗദിയിലുള്ള വിവിധ രാജ്യക്കാര്‍ക്കിടയില്‍ കോവിഡ് അവബോധം വര്‍ധിപ്പിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുവാനും വിവിധ ഭാഷകളില്‍ സൗദി ആരോഗ്യ മന്ത്രാലയം വിവരങ്ങള്‍ ശേഖരിക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള പ്രവാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം മലയാള ഭാഷയിലും അഭിപ്രായ സര്‍വ്വേ നടത്തുന്നു.

ആരോഗ്യ മന്ത്രാലയം മലയാളികള്‍ക്കായി സംവിധാനിച്ച അഭിപ്രായ സര്‍വ്വേയുടെ തുടക്കത്തില്‍ പറയുന്നതിങ്ങനെയാണ്: ‘നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണ്! ഈ സര്‍വേയില്‍ പങ്കെടുത്ത് കോവിഡ് 18 നെ കുറിച്ച് അറിവ് നേടാനും, നിങ്ങളെയും മറ്റുള്ളവരെയും എങ്ങിനെ സംരക്ഷിക്കാമെന്ന് മനസ്സിലാക്കാനും ആരോഗ്യ മന്ത്രാലയത്തിന്റെ പരിശ്രമങ്ങള്‍ നിങ്ങളെ എങ്ങിനെയാണ് സഹായിച്ചതെന്ന് ഞങ്ങളോട് പറയുക’.

അഭിപ്രായ സര്‍വ്വേക്കും വിവര ശേഖരണത്തിനും മന്ത്രാലയം ഗൂഗിള്‍ ഫോം തയ്യാറാക്കുകയും പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ബോധവല്‍ക്കരണ കാമ്പെയ്‌നുകള്‍ സൗദി അറേബ്യന്‍ പൗരന്മാരല്ലാത്തവരുടെ വലിയ സമൂഹങ്ങളിലേക്ക് എത്രത്തോളം എത്തിച്ചേരുന്നുവെന്ന് കണക്കാക്കാനാണ് ഈ ചോദ്യാവലി ലക്ഷ്യമിടുന്നതെന്നും ഇത് കോവിഡിന്റെ വ്യാപന സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുമെന്നും വിവര ശേഖരണത്തിന്റെ തുടക്കത്തില്‍ പറയുന്നുണ്ട്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക

സൗദിയില്‍ ഏത് ഭാഗത്ത് താമസിക്കുന്നു, പ്രായം, പൗരത്വം എന്നീ വ്യക്തികത വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷം കോവിഡ് 19 നെകുറിച്ചുള്ള വിവരത്തിന്റെ സ്രോതസ്സ് ചോദിക്കുന്നു. മറ്റുള്ളവരുമായുള്ള സുരക്ഷിതമായ അകലം, മാസ്‌ക് ധരിക്കാതെ മറ്റുള്ളവരുമായി ബന്ധപ്പെടാറുണ്ടോ, നിങ്ങളുടെ ഭാഷയില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഏതെങ്കിലും ബോധവല്‍കരണ ലഘുലേഖ അല്ലെങ്കില്‍ പോസ്റ്റര്‍ ലഭിച്ചിട്ടുണ്ടോ എന്നിവയും ചോദിക്കുന്നുണ്ട്.
ഇതിനു പുറമെ, നിങ്ങളുടെ അഭിപ്രായത്തില്‍, പ്രതിരോധ നടപടികളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് ചില സമയത്ത് നിങ്ങളെ തടയുന്ന ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്ന് ചോദിക്കുന്നുണ്ട്.

ബോധവത്കരിക്കുന്നതിനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളില്‍ നിങ്ങള്‍ എത്രത്തോളം സംതൃപ്തനാണ്. തുടങ്ങിയ അഭിപ്രായ സര്‍വ്വേയും നടത്തുന്നുണ്ട്.