”കേളിയിലൂടെ കേരളത്തിലേക്ക്”: സൗജന്യ വിമാന ടിക്കറ്റ് പദ്ധതിയുമായി കേളി

റിയാദ്: സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 100 പ്രവാസി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോകാന്‍ സൗജന്യ വിമാന ടിക്കറ്റ് നല്‍കുന്ന പദ്ധതിയുമായി റിയാദ് കേളി കലാ സാംസ്‌കാരികവേദി. കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടോ രോഗബാധിതരായോ നാട്ടിലേക്ക് തിരിച്ചുപൊകേണ്ടി വരുന്ന അര്‍ഹരായ 100 പ്രവാസി തൊഴിലാളികള്‍ക്കാണ് ”കേളിയിലൂടെ കേരളത്തിലേക്ക്” എന്ന പദ്ധതിയിലൂടെ ഘട്ടം ഘട്ടമായി സൗജന്യ വിമാന ടിക്കറ്റ് നല്‍കുന്നതെന്ന് കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ പറഞ്ഞു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക

ഇതിനു മുന്‍പ് കേരളത്തിലുണ്ടായ പ്രളയകാലത്ത് ദുരിതാശ്വാസം എത്തിക്കുന്നതിനും സൗദിയില്‍ നിതാഖത്തിനെ തുടര്‍ന്നുണ്ടായ പ്രവാസികളുടെ തിരിച്ചുപോക്കു സമയത്ത് സൗജന്യ വിമാന ടിക്കറ്റ് നല്‍കുന്നതിനും കേളിയോട് ആത്മാര്‍ത്ഥമായി സഹകരിച്ച സുമനസ്സുകളുടെ സഹായത്തോടെയായിരിക്കും ”കേളിയിലൂടെ കേരളത്തിലേക്ക്” എന്ന പദ്ധതിയും നടപ്പിലാക്കുക.  റിയാദിനു പുറമെ അല്‍ഖര്‍ജ്, മുസാമിയ, ദവാദ്മി തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന കേളിയുടെ വിവിധ യുണിറ്റുകള്‍ മുഖേനയായിരിക്കും സൗജന്യ വിമാന ടിക്കറ്റിന് ഗുണഭോക്താക്കളെ കണ്ടെത്തുകയെന്നും താല്പര്യമുള്ള അര്‍ഹരായ പ്രവാസി മലയാളികള്‍ https://cyberwing.keliriyadh.com/free-ticket  എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ പറഞ്ഞു.