കൊവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയം

ലണ്ടൻ: കൊവിഡ്-19 വാക്‌സിൻ്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്‌സിൻ മനുഷ്യരിലാണ് പരീക്ഷണം നടത്തിയത്. വാക്‌സിൻ പരീക്ഷണം വിജയകരമായിരുന്നുവെന്നും വൈറസിനെതിരെ ശരീരം പ്രതിരോധം ആര്‍ജിച്ചതായി പരീക്ഷണത്തിൽ തെളിഞ്ഞതായി ബിബിസി വ്യക്തമാക്കി.
വാക്‌സിൻ 1,077 പേരിലാണ് പരീക്ഷണം നടത്തിയത്. ഇവരിലാർക്കും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല. വാക്‌സിൻ സ്വീകരിച്ചവരുടെ പ്രതിരോധ ശേഷി വർധിച്ചു. ആദ്യഘട്ട പരീക്ഷണം മാത്രമാണ് വിജയമായത്. അടുത്ത രണ്ട് ഘട്ടങ്ങളിൽ കൂടി വിജയം കാണേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. പതിനായിരത്തിലേറെ പേരിലാണ് അടുത്തഘട്ടം പരീക്ഷണം നടത്തേണ്ടത്. ഈ പരീക്ഷണം നടത്തിയതിന് ശേഷം മാത്രമേ വാക്‌സിൻ വിപണിയിലെത്തൂ. വൈറസിനെതിരെ ഇത് എത്രത്തോളം ഫലപ്രദമാണെന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകർ അറിയിച്ചതായി ബിബിസി റിപ്പോർട്ടിൽ പറയുന്നു.
ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചത്. മനുഷ്യരിലെ പ്രാരംഭ പരീക്ഷണങ്ങളുടെ ഫലം ദ ലാന്‍സെറ്റ് മെഡിക്കല്‍ ജേണലാണ് പ്രസിദ്ധീകരിച്ചത്. വാക്‌സിൻ വിജയം കണ്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ബ്രിട്ടൻ ഒരു കോടി വാക്‌സിനുകൾ ഓർഡർ ചെയ്‌തതായും വാർത്തകളുണ്ട്.






