താഇഫിലെ വിനോദ കേന്ദ്രങ്ങള്‍ വീണ്ടും ഉണര്‍ന്നു

താഇഫ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന താഇഫിലെ വിനോദ കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസം സന്ദര്‍ശകര്‍ക്ക് കര്‍ശനമായ ആരോഗ്യ പ്രോട്ടോക്കോളിന് വിധേയമായി തുറന്നു കൊടുത്തു. എല്ലാ മുന്‍കരുതല്‍ നടപടിക്രമങ്ങള്‍ക്കിടയിലും താഇഫിലെ പാര്‍ക്കുകളിലും ഗാര്‍ഡനുകളിലും  വിനോദസഞ്ചാരികളുടെ വലിയ തിരക്കുകള്‍ അനുഭവപ്പെട്ടു.

സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന താഇഫിലെ പ്രധാന പാര്‍ക്കുകളിലാണ് കൂടുതല്‍ കൂടുതല്‍ തിരിക്കുകള്‍ അനുഭവപ്പെട്ടത്. അല്‍-റദ്ദാഫ് പാര്‍ക്ക്, കിംഗ് അബ്ദുല്ല പാര്‍ക്ക്, അല്‍-ഫൈസാലിയ പാര്‍ക്ക്, അല്‍-ജല്‍ പാര്‍ക്ക് എന്നിവ അതില്‍ മുന്നിട്ടുനില്‍ക്കുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക

താഇഫിലെ വിനോദ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. ഇതിന്റെ ഭാഗമായി താഇഫിലുള്ള 227 റിസോര്‍ട്ടുകളും പൊതു പാര്‍ക്കുകളും അണുമുക്തമാക്കി ടുറിസ്റ്റുകളെ ആകര്‍ഷിക്കുന്ന രീതിയില്‍ സജജീകരിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. കൂടാതെ ടുറിസം മേഖലയില്‍ ഉയര്‍ന്നുവരുന്ന വലിയ സ്വീകാര്യതയും ആവശ്യകതയും മുന്നില്‍ കണ്ട് ഈ പാര്‍ക്കുകളിലും മറ്റു ടുറിസ്റ്റ് കേന്ദ്രങ്ങളിലും 6,460 സമഗ്രമായ അറ്റകുറ്റപ്പണികളും തായിഫ് മുനിസിപ്പാലിറ്റി പൂര്‍ത്തിയാക്കി.

പാര്‍ക്കുകളില്‍ ഇരിപ്പിടം ശരിയാക്കുക, കുട്ടികളുടെ പാര്‍ക്കുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കുക, കുട്ടികള്‍ക്ക് കളിക്കുവാന്‍ കൂടുതല്‍ ഉപകരണങ്ങള്‍ സജജീകരിക്കുക, ആവശ്യമായ വെള്ളവും വെളിച്ചവും എത്തിക്കുക, പാര്‍ക്കുകളിലുള്ള ടോയ്‌ലറ്റിന്റെ അറ്റകുറ്റ ജോലികള്‍ പൂര്‍ത്തിയാക്കുക എന്നിവയെല്ലാം ഇതിന്റെ ഭാഗമായി പൂര്‍ത്തിയാക്കി.

കൊറോണ വൈറസിനെ ചെറുക്കുന്നതിന് പാര്‍ക്കുകള്‍ പൂര്‍ണ്ണമായും സാനിറ്റൈസര്‍ ലായനി തെളിച്ച് അണുമുക്തമാക്കിയെന്ന് തായിഫ് നഗരസഭാ പിതാവ് എന്‍ജിനീയര്‍ മുഹമ്മദ് ആല്‍ ഹുമൈല്‍ പറഞ്ഞു.

അതേസമയം താഇഫിലെ പ്രധാന പാര്‍ക്കുകളിലൊന്നായ തായിഫ് നാഷണല്‍ പാര്‍ക്ക് വെള്ളിയാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദിവസവും രാവിലെ 11 മണി മുതല്‍ വൈകുന്നേരം ഏഴ് മണിവരെയായിരിക്കും പ്രവര്‍ത്തിക്കുക. സമ്പൂര്‍ണ്ണ ആരോഗ്യ മുന്‍കരുതല്‍ പാലിച്ചുകൊണ്ടായിരിക്കും സന്ദര്‍ശകരെ അകത്തേക്ക് പ്രവേശിപ്പിക്കുക സന്ദര്‍ശകര്‍ക്ക് ആരോഗ്യ അവബോധം നല്‍കുന്നതിനായി സന്നദ്ധ പ്രവര്‍ത്തകരെ നിയമിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

29800 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലുള്ള തായിഫ് നാഷണല്‍ പാര്‍ക്ക് രാജ്യത്തെ ഏറ്റവും വലിയ പാര്‍ക്കാണെന്ന് നാഷണല്‍ പാര്‍ക്ക് മാനേജര്‍ സാമി അല്‍ ജഈദ് വ്യക്തമാക്കി.