മറ്റൊരു ചാരക്കേസ് ചമയ്ക്കാന്‍ കേരളം അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

മറ്റൊരു ചാരക്കേസ് ചമയ്ക്കാന്‍ കേരളം അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയില്‍ എഴുകിയ ലേഖനത്തിലാണ് സ്വര്‍ണക്കടത്തിനെ പഴയ ചാരക്കേസുമായി ബന്ധപ്പെടുത്തി കോടിയേരിയുടെ ലേഖനം. സ്വര്‍ണക്കടത്തുക്കേസിനെ ചാരക്കേസുമായി താരതമ്മ്യം ചെയ്ത് ഇനിയും ഒരു ചാരക്കേസ് ചമയ്ക്കാന്‍ കേരളം ആരേയും അനുവദിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ലേഖനത്തിന്റെ അദ്യഭാഗം താഴെ:

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസിനെത്തുടര്‍ന്ന് എല്‍ഡി എഫ് സര്‍ക്കാര്‍ ഏതോ ചുഴിയില്‍പ്പെട്ടുപോയി എന്ന ധാരണ സൃഷ്ടിക്കാന്‍ പ്രതിപക്ഷവും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളും തീവ്രയയജ്ഞത്തിലാണ്. ഈ കേസിനെ വരുംനാളിലെ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനെതിരെ ഉപയോഗിക്കാനുള്ള തുറുപ്പുചീട്ടാക്കാനുള്ള മോഹത്തിലാണ് കോണ്‍ഗ്രസ്- ബിജെപി-മുസ്‌ലിംലീഗ് എന്നീ കക്ഷികളെല്ലാം അടങ്ങുന്ന പ്രതിപക്ഷം. പക്ഷേ, ഈ സ്വപ്നം കല്ലിലടിച്ച പൂക്കുലപോലെ തകരും.


വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക


കള്ളക്കടത്ത് കേസിന് അമിത പ്രാധാന്യം ലഭിച്ചതിന് താഴെ കൊടുക്കുന്ന ഘടകങ്ങള്‍ കാരണമായിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റിന് വന്ന ബാഗിലാണ് കള്ളക്കടത്ത് സ്വര്‍ണം കസ്റ്റംസ് കണ്ടെത്തിയത് എന്നതാണ് ആദ്യത്തെ കാരണം. കള്ളക്കടത്തിന്റെ ഏറ്റവും സുരക്ഷിത ചാനലായാണ് നയതന്ത്ര മാര്‍ഗത്തെ ചില കേന്ദ്രങ്ങള്‍ കാണുന്നത്. കോണ്‍സുലേറ്റുകളും എംബസികളും ഒരു രാജ്യത്തിനുള്ളിലെ പ്രത്യേക രാജ്യങ്ങളായാണ് കണക്കാക്കുന്നത്. അതുകൊണ്ട് നയതന്ത്രകാര്യാലയങ്ങളിലേക്ക് വരുന്ന ബാഗുകള്‍ക്ക് വിമാനത്താവളത്തില്‍ പ്രത്യേക പരിരക്ഷയുണ്ട്. ഇത് ഉപയോഗപ്പെടുത്തിയുള്ള സ്വര്‍ണക്കടത്താണ് കസ്റ്റംസ് പിടിച്ചത്. നയതന്ത്ര വഴിയിലൂടെ ആയുധവും മയക്കുമരുന്നും സ്വര്‍ണവുമൊക്കെ കള്ളക്കടത്ത് നടത്താന്‍ നോക്കി നിയമത്തിന്റെ കുരുക്കില്‍ വീണ അനുഭവങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ട്. നയതന്ത്ര വഴിയിലൂടെയുള്ള കള്ളക്കടത്ത് അത്യപൂര്‍വമായതിനാലാണ് തിരുവനന്തപുരം സ്വര്‍ണക്കടത്തിന് പ്രാധാന്യമുണ്ടായത്.
കസ്റ്റംസിന് പുറമെ എന്‍ഐഎ അന്വേഷണം വന്നത് നയതന്ത്ര കള്ളക്കടത്തിനൊപ്പം കള്ളക്കടത്ത് പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടുന്നുവെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ കേസിന്റെ എല്ലാ വസ്തുവകകളെയും പ്രതികളെയും പുറത്തുകൊണ്ടുവരുന്നതിനാണ് യുക്തമായ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. എന്‍ഐഎപോലുള്ള ഏജന്‍സികളെ മോഡിയുടെയും അമിത് ഷായുടെയും നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി ദുരുപയോഗിക്കാന്‍ ഇടയുണ്ടെന്നും അതിനാല്‍ കേന്ദ്രസര്‍ക്കാരിനോട് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് ശരിയാണോയെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ചട്ടുകമാക്കുന്നതില്‍ മോഡി സര്‍ക്കാരിന് അതിവൈഭവമുണ്ട് എന്നത് നേരാണ്. അത് ഞങ്ങള്‍ മറക്കുന്നില്ല. അതുള്ളപ്പോള്‍ത്തന്നെ തിരുവനന്തപുരം കള്ളക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ സ്വാഗതം ചെയ്തത് ഈ സംഭവങ്ങളില്‍ എല്‍ഡിഎഫിനും സര്‍ക്കാരിനും ഭയക്കാന്‍ തരിമ്പുപോലും കാര്യമില്ല എന്നതുകൊണ്ടാണ്. ഒളിച്ചുവയ്ക്കാനോ മറച്ചുവയ്ക്കാനോ ഒന്നുമില്ല. കേസില്‍പ്പെട്ട ഏതു വമ്പനേയും കൊമ്പനേയും പിടിച്ചുകൊള്ളട്ടെ, ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍വരെ അന്വേഷിച്ചുകൊള്ളട്ടെ എന്ന ധീരമായ പ്രഖ്യാപനം അതിനാലാണ് മുഖ്യമന്ത്രി നടത്തിയത്….. സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എഴുതിയ ലേഖനത്തിന്റെ ആദ്യഭാഗത്ത് ഇങ്ങിനെ പറയുന്നു.