“ബി ഇന്‍ സ്‌പോര്‍ട്‌സ്” ചാനലിന് സൗദിയില്‍ വിലക്ക്

റിയാദ്: മിഡില്‍ ഈസ്റ്റ് ഉത്തരാഫ്രിക്ക “ബി. ഇന്‍ സ്‌പോര്‍ട്‌സ്” ചാനലുകള്‍ക്ക് സൗദി കോംപറ്റീഷന്‍ അതോറിറ്റി 10 ദശലക്ഷം (ഒരു കോടി) റിയാല്‍ പിഴ ചുമത്തുകയും സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സ് ആജീവനാന്തം റദ്ദ് ചെയ്യുകയും ചെയ്തു.

“ബി. ഇന്‍ സ്‌പോര്‍ട്‌സ്”ചാനലുകള്‍ക്കെതിരായിവന്ന പരാതികള്‍ പരിശോധിക്കുകയും അന്വേഷണം നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍, 2016 വര്‍ഷത്തില്‍ ഫ്രാന്‍സില്‍ നടന്ന യൂറോപ്യന്‍ നേഷന്‍സ് കപ്പിന് വേണ്ടിയുള്ള മത്സരങ്ങളുടെ എക്‌സ്‌ക്ലൂസീവ് പ്രക്ഷേപണം കാണാന്‍ ആഗ്രഹിക്കുന്നവരുടെ അവകാശങ്ങള്‍ ദുരുപയോഗം ചെയ്ത് നിരവധി വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ ചാനല്‍ ചെയ്തതായി ബോധ്യപ്പെട്ടെന്ന് സൗദി കോംപറ്റീഷന്‍ അതോറിറ്റി വ്യക്തമാക്കി. സ്‌പോര്‍ട്ട്‌സ് ന്യുസുകള്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ “ബി. ഇന്‍ സ്‌പോര്‍ട്‌സ്”ചാനലിന് പരമാധികാരം ലഭിക്കുവാനാണ് ഇതെല്ലം ചെയ്തത്.

സ്‌പോര്‍ട്ട്‌സ് പാക്കേജ് കാണാന്‍ ആഗ്രഹിക്കുന്നവരെ സ്‌പോര്‍ട്ട്‌സ് അല്ലാത്ത മറ്റു പ്രോഗ്രാമുകള്‍ കാണുവാന്‍ നിര്‍ബന്ധിക്കുക, അതിനുള്ള പാക്കേജിലേക്ക് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ നിര്‍ബന്ധിക്കുക. കൂടാതെ, യൂറോ 2016 ടൂര്‍ണമെന്റ് കാണുന്നതിനുള്ള ഒരു പ്രധാന നിബന്ധനയായി, അടുത്ത വര്‍ഷത്തേക്ക് പ്രേക്ഷകരുടെ അടിസ്ഥാന പാക്കേജിന്റെ സബ്‌സ്‌ക്രിപ്ഷന്‍ പുതുക്കാന്‍ നിര്‍ബന്ധിക്കുക തുടങ്ങിയ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ഹനിക്കുന്ന നിരവധി വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളാണ് ചാനലുകാര്‍ ചെയ്തത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ‘ബി ഇന്‍ സ്‌പോര്‍ട്‌സ്” ചാനലിന് സൗദിയില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും 10 ദശലക്ഷം റിയാല്‍ പിഴ ചുമത്തുകയും ചെയ്തു. ഇത്തരം മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ മത്സര സമ്പ്രദായത്തിന്റെയും അതിന്റെ ചട്ടങ്ങളുടെയും വ്യക്തമായ ലംഘനമാണെന്ന് സൗദി കോംപറ്റീഷന്‍ അതോറിറ്റി വ്യക്തമാക്കി.