ജിദ്ദ ചെങ്കടൽ തീരം നവീകരിക്കുന്നു


മൂന്ന് കിലോമീറ്ററോളം നീളത്തില്‍ 180,000 ചതുരശ്ര മീറ്ററിലധികം വരുന്ന ജിദ്ദയുടെ കടല്‍ മുഖം വികസിപ്പിക്കുന്നതിനാണ് ജിദ്ദ മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്.


ജിദ്ദ: ചെങ്കടലിന്റെ റാണി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ജിദ്ദയുടെ കടല്‍ തീരം കൂടുതല്‍ ദൃശ്യ ഭംഗി ലഭിക്കുന്നതിനും സഞ്ചാരികളെ ആകര്ഷിക്കുന്നതിനുമായി ജിദ്ദയുടെ കടല്‍ മുഖം 229 മില്യണ്‍ റിയാല്‍ ചിലവില്‍ നവീകരിക്കുന്നു.

മൂന്ന് കിലോമീറ്ററോളം നീളത്തില്‍ 180,000 ചതുരശ്ര മീറ്ററിലധികം വരുന്ന ജിദ്ദയുടെ കടല്‍ മുഖം വികസിപ്പിക്കുന്നതിനാണ് ജിദ്ദ മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്. സൗദി വിഷന്‍ 2030 പ്രോജക്ടുകളുടെ ഭാഗമായി ജിദ്ദ നഗരം കൂടുതല്‍ ഹരിതാഭമാക്കുന്നതിനും, ജീവിത നിലവാരം ഉയര്‍ത്തുന്നതിനും, വിനോദ മേഖലകളുടെ വിഹിതം ഉയര്‍ത്തുന്നതിനും ഈ നവീകരണ പ്രവൃത്തി ആക്കംകൂട്ടുമെന്ന് അതികൃതര്‍ കണക്കുകൂട്ടുന്നു.

ചെങ്കടലിന്റെ മുഖം വികസിപ്പിക്കുന്നതിനായി മറൈന്‍ സര്‍വീസസ് പ്രോജക്ട് കമ്പനിയുമായി ജിദ്ദ നഗരസഭ കരാര്‍ ഒപ്പിട്ടിട്ടുണ്ട്, 30 മാസങ്ങള്‍ക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. റോഡ്, കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍ എന്നിവര്‍ക്കുള്ള പ്രത്യേക ട്രാക്കുകള്‍, എന്നിവ സജ്ജീകരിക്കും. നവീകരണ ഭാഗങ്ങള്‍ കൂടുതല്‍ ഹരിതാഭമാക്കുന്നതിനായി വിവിധ മരങ്ങളും ചെടികളും പുല്ലുകളും നട്ടുപിടിപ്പിക്കും. ഗെയിം ഏരിയകള്‍, ജലധാരകള്‍, ശില്‍പങ്ങള്‍, സ്മാര്‍ട്ട് സര്‍വ്വീസ് സെന്ററുകള്‍, സമുദ്രത്തില്‍ നീന്തുന്നവര്‍ക്കായി മണല്‍ തീരം എന്നിവയും സംവിധാനിക്കും.