കൊല്ലം ചാത്തന്നൂര്‍ സ്വദേശി ജിദ്ദയില്‍ കോവിഡ് ബാധിച്ച് മരിച്ചു

ജിദ്ദ: കോവിഡ് ചികിത്സയിലായിരുന്ന മലയാളി ജിദ്ദയില്‍ മരിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശി കുന്നുവിള തോമസ് ജോണ്‍ (54) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് മൂന്ന് ആഴ്ചകളോളമായി ജിദ്ദ സുലൈമാന്‍ ഫഖീഹ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.
17 വര്‍ഷത്തോളമായി ജിദ്ദയില്‍ പ്രവാസിയായ ഇദ്ദേഹം ജിദ്ദ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ഒരു കാര്‍പ്പെറ്റ് നിര്‍മാണ കമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: എം. യോഹന്നാന്‍, മാതാവ്: ബേബി യോഹന്നാന്‍, ഭാര്യ: സുനു തോമസ്, മക്കള്‍: ജൂലി തോമസ് (ഡിഗ്രി വിദ്യാര്‍ത്ഥിനി), ജൂബി തോമസ് (പ്‌ളസ് ടൂ വിദ്യാര്‍ത്ഥിനി).
നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ സംസ്‌കരിക്കുമെന്ന് നടപടിക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന കമ്പനി അധികൃതര്‍ അറിയിച്ചു.






