തലശ്ശേരി ജനറൽ ആശുപത്രിയിൽ അഴിമതിയും സ്വജന പക്ഷപാതവുമെന്ന് കോൺഗ്രസ് നേതാവ്

തലശ്ശേരി : ജനറൽ ആശുപത്രിയിൽ അഴിമതിയും സ്വജന പക്ഷപാതവുമെന്ന് കോൺഗ്രസ് നേതാവ് എം. പി അരവിന്ദാക്ഷൻ ആശുപത്രി വികസന സമിതി യോഗത്തിൽ ആരോപിച്ചു. ഗുരുതരമായ അഴിമതിയാണ് ആശുപത്രിയിൽ നടക്കുന്നത്.
കഴിഞ്ഞ ഒരു വർഷമായി അമേരിക്കയിൽ ജോലി ചെയ്തു വരികയായിരുന്ന നഴ്സ് ജനറൽ ആശുപത്രിയിൽ നിന്നും ശമ്പളം പറ്റിവരികയാണ്. സ്പാർക്ക് എന്ന കമ്പനി വഴിയാണ് ഇവർ ശമ്പളം വാങ്ങിയത്. എങ്കിലും സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, ക്ലാർക്ക് എന്നിവർ ഒപ്പിട്ടാണ് ശമ്പളബിൽ സ്പാർക്കിലേക്കയക്കുന്നത്. ഒരു വർഷമായി ഇവർ ഇതേ രീതിയിൽ ശമ്പളം പറ്റിവരികയാണ്. മൂന്നു മാസം മുൻപാണ് ഇതു പുറത്തുവന്നത്. തുടർന്ന് വികസന സമിതി അംഗങ്ങൾ ഇടപെട്ടതിനെ തുടർന്ന് ആശുപത്രി സൂപ്രണ്ട് ഓഫീസ് തല അന്വേഷണം നടത്തി. ഇതിനിടയിൽ നഴ്സ് കഴിഞ്ഞ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്തു. ഈ കാര്യങ്ങൾ അന്വേഷണത്തിൽ തെളിഞ്ഞതോടെ ആശുപത്രി സൂപ്രണ്ട് നടപടികൾക്കായി കണ്ണൂർ ഡി. എം. ഒവിന് ശുപാർശ ചെയ്തു. ഭരണകക്ഷി യൂണിയനിൽപ്പെട്ട ജീവനക്കാരായതു കാരണം ഡി.എം. ഒ ഓ ഫീ സ് ഫയൽ പൂഴ്ത്തിവച്ചു. തുടർന്ന് വികസന സമിതി അംഗങ്ങൾ ഇടപെട്ടതിനെ തുടർന്ന് കണ്ണൂർ ഡി. എം. ഒ ഇവരുടെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കാൻ തിരുവനന്തപുരത്തെ ആരോഗ്യ വകുപ്പു ഡയറക്ടർക്ക് ശുപാർശ ചെയ്തു. എന്നിട്ടും നടപടിയായില്ല. ഈ സാഹചര്യത്തിലാണ് ഇന്നലെ ആശുപത്രി വികസന സമിതി യോഗം ഇന്നലെ ചേർന്നത്.
കൂടാതെ ജനറൽ ആശുപത്രിക്ക് നഴ്സിംഗ് ഹോസ്റ്റൽ അനുവദിക്കുന്നത് സംബന്ധിച്ച് ഗുരുതരമായ ക്രമക്കേട് കൂടി അംഗങ്ങൾ ആരോപിച്ചു. ആശുപത്രിയിലെ 27 നഴ്സ് മാർക്ക് താമസ സൗകര്യമൊരുക്കിയതിൽ ഒരാളിൽ നിന്നും 1800 രൂപ പ്രതിമാസം വാടക ഇനത്തിൽ പിരിച്ചെടുക്കാനാണ് തീരുമാനിച്ചത്. അങ്ങിനെയെങ്കിൽ 27 പേരിൽ നിന്നും പ്രതിമാസം അമ്പതിനായിരം രൂപയോളം പിരിച്ചെടുക്കേണ്ടതുണ്ട്. എന്നാൽ പത്തായിരം രൂപയിൽ താഴെയാണ് വരവ്. ഭരണ കക്ഷി യൂണിയനിൽപ്പെട്ട നഴ്സാണ് ഹോസ്റ്റൽ അനുവദിക്കേണ്ടത്. ഇതു സംബന്ധിച്ച് പരാതി ഉയർന്നതിനെ തുടർന്ന് രണ്ടാഴ്ച മുൻപ് സൂപ്രണ്ട് അന്വേഷണം നടത്തി ഇതിൽ ഗുരുതരമായ അഴിമതിയും സ്വജന പക്ഷപാതവും കണ്ടെത്തി. ആശുപത്രി സൂപ്രണ്ട് നടപടികൾക്കായി കണ്ണൂർ ഡി.എം. ഒയ്ക്ക് റിപ്പോർട്ട് ചെയ്തു.
ഈ രണ്ടു കേസിലും നടപടികൾ സ്വീകരിക്കാത്ത ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ രണ്ടാഴ്ച മുൻപ് തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനറൽ ആശുപത്രിക്കു മുൻപിൽ ധർണ്ണ നടത്തിയിരുന്നു. ഡി.സി. സി പ്രസിഡണ്ട് സതീശൻ പാച്ചേനി, കെ. പി. സി. സി ജനറൽ സെക്രട്ടറി സജ്ജീവ് മാറോളി സമരത്തിന് നേതൃത്വം നൽകിയിരുന്നു. തുടർന്ന് സ്ഥലം എം. എൽ. എ എ. എൻ. ഷംസീർ നടപടി ഉണ്ടാവുമെന്ന് പറഞ്ഞെങ്കിലും ഭരണകക്ഷിയിലെ ഒരു വിഭാഗം തന്നെ അഴിമതിക്കാർക്ക് കൂട്ടുനിൽക്കുകയായിരുന്നുവെന്ന് അരവിന്ദാക്ഷൻ പറഞ്ഞു. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ സ്തംഭിക്കുന്നതിനെതിരെയും അദ്ദേഹം വിമർശനം ഉയർത്തി. ഓപ്പറേഷൻ തീയ്യേറ്റർ , സർജ്ജിക്കൽ വാർഡ്, ഒ. പി, കാന്റീൻ തുടങ്ങിയവയുടെ സ്തംഭിച്ച പ്രവർത്തനം അടിയന്തിരമായി പുന:രാരംഭിക്കുമെന്ന് സൂപ്രണ്ട് യോഗത്തിൽ അറിയിച്ചു.
മുൻസിപ്പൽ ചെയർമാൻ സി. കെ. രമേശൻ അധ്യക്ഷത വഹിച്ചു. എം. എൽ. എ ഷംസീർ, ആശു പ ത്രി സൂപ്രണ്ട് ഡോ. പീയുഷ് നമ്പൂതിരിപ്പാട്, ആർ. എം. ഒ ഡോ. ജിതിൻ, എം. സി പവിത്രൻ , ടി. രാഘവൻ, റുഖ് സീന തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.






