കര്‍ഫ്യൂ പിന്‍വലിച്ച ശേഷം മക്കയിലെ വിവിധ പള്ളികളില്‍ ആദ്യ ജുമുഅ നടന്നു

മക്ക: കൊറോണ വൈറസ് പടരാതിരിക്കുവാന്‍ സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ കഴിഞ്ഞ ഞായറഴ്ച പൂര്‍ണമായും പിന്‍വലിച്ചതിന് ശേഷം ഇന്ന്, മക്കയിലെ പള്ളികളില്‍ ആരാധകര്‍ വെള്ളിയാഴ്ചയിലെ ജുമുഅ പ്രാര്‍ത്ഥന നടത്തി.

കോവിഡ് -19 പടരാതിരിക്കാനായി പ്രാര്‍ത്ഥനാ സമയം അറിയിച്ചുകൊണ്ടുള്ള ബാങ്ക് വിളിക്ക് 20 മിനിറ്റ് മുമ്പ് തുറന്ന പള്ളികള്‍, പ്രാര്‍ത്ഥന കഴിഞ്ഞ് 20 മിനുട്ടിനു ശേഷം അടക്കുകയും ചെയ്തു.

ആരാധകര്‍ പരസ്പരം രണ്ട് മീറ്റര്‍ അകലം പാലിച്ചാണ് പ്രാര്‍ത്ഥിച്ചത്. വിരിക്കാനുള്ള മുസല്ലകള്‍ ഓരോ ആരാധകരും കൊണ്ടുവരികയും മാസ്‌ക് ധരിക്കുകയും ചെയ്തിരുന്നു.

വീടുകളില്‍നിന്നും അംഗശുദ്ധി വരുത്തിയാണ് പ്രാര്‍ത്ഥനക്കായി പള്ളികളിലെത്തിയിരുന്നത്. പള്ളികളിലെ വുളു എടുക്കുവാനുള്ള സ്ഥലവും ടോയ്‌ലറ്റുകളും അടച്ചിട്ടിരിക്കുന്നു. പ്രതിരോധ നടപടികളുടെ ഭാഗമായി കുട്ടികള്‍ക്ക് പള്ളികളില്‍ പ്രവേശനാനുമതി നല്‍കിയിരുന്നില്ല.






