പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് 7 ടി.വി നല്‍കി

തലശ്ശേരി: ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന തലശ്ശേരി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഏഴ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെ 2009 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ടി.വിയും ഡിഷ് കണക്ഷനുകളും നല്‍കി.

2009 വര്‍ഷത്തെ പ്‌ളസ് ടു ബയോളജി, സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഹ്യുമാനിറ്റീസ് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് ഒരു ലക്ഷം രൂപ ശേഖരിച്ച് പത്ത് ടി.വിയും പത്ത് ഡിഷ് കണക്ഷനുകളും അര്‍ഹതപ്പെട്ട കുട്ടികള്‍ക്ക് നല്‍കിയത്. സെന്റ് ജോസഫ്‌സിലെ കുട്ടികള്‍ക്ക് ഏഴെണ്ണം വീതം നല്‍കിയപ്പോള്‍, രണ്ടെണ്ണം തലശ്ശേരി ഗവ: ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനും ഒരെണ്ണം പെരുവ കോളനിയിലും നല്‍കി. പത്താം ക്ലാസ്സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ 5 ടി.വി.കള്‍ കഴിഞ്ഞയാഴ്ച നല്‍കിയിരുന്നു.

സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡെന്നി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് കെ.വി ഗോകുല്‍ദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകന്‍ ജെ.ആര്‍ ജെന്‍സണ്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. 2009 വര്‍ഷത്തെ ക്ലാസ്സ് ടീച്ചര്‍ കൂടിയായിരുന്ന, ഇപ്പോഴത്തെ ബയോളജി സയന്‍സ് അദ്ധ്യാപിക ജിഷ സുരേഷ് ടി.വികള്‍ സ്‌കൂളിന് കൈമാറി. മദര്‍ പി.ടി.എ പ്രസിഡന്റ് രുഗ്മിണി ഭാസ്‌ക്കരന്‍, സ്റ്റാഫ് സെക്രട്ടറി ഫിലോമിനാ ജോര്‍ജജ് എന്നിവര്‍ സംസാരിച്ചു.