കോവിഡ് കാലത്ത് കരുതലും തലോടലുമായി റിയാദ് കെ.എം.സി.സി ടെലികെയര്‍ വിംഗ്

♣ അഫ്ഷിന്‍
റിയാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിംഗിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കെ.എം.സി.സി ടെലികെയര്‍ വിംഗ് ഇതിനകം ആയിരങ്ങള്‍ക്ക് കരുതലും തലോടലുമായി മാറി. കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കര്‍മ്മ നിരതരായ ടെലികെയര്‍ ടീം വളരെ വ്യവസ്ഥാപിതമായിട്ടാണ് റിയാദില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളുമടക്കമുള്ള ആരോഗ്യ വിദഗ്ധരും സാമൂഹ്യ പ്രവര്‍ത്തകരും കെ.എം.സി.സിയുടെ സാധാരണ പ്രവര്‍ത്തകരുമടക്കം ഈ ദൗത്യ നിര്‍വ്വഹണത്തില്‍ അവരുടെതായ ഭാഗധേയം നിര്‍വ്വഹിച്ചു വരുന്നു.
കോവിഡ് രോഗ ലക്ഷങ്ങളുള്ളവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും പ്രാഥമികമായ വിവരങ്ങള്‍ കൈമാറുകയും ചെയ്യുക, അസ്വസ്ഥതകളുള്ളവര്‍ക്ക് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യവും പോസിറ്റീവ് ആയവര്‍ക്കും കൂടുതല്‍ പ്രയാസങ്ങളുള്ളവര്‍ക്കും ആശുപത്രി സേവനവും ലഭ്യമാക്കുക, അത്യാവശ്യ ഘട്ടത്തില്‍ രോഗികളെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുക, രോഗികള്‍ക്കും രോഗ ലക്ഷണമുള്ളവര്‍ക്കും ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമടങ്ങുന്ന വിദഗ്ധരുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കുക തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് വിംഗിന് കീഴില്‍ നടന്ന് വരുന്നത്. മലയാളികള്‍ക്ക് മാത്രമല്ല വിവിധ ഭാഷക്കാരും രാജ്യക്കാരുമായ ആളുകള്‍ക്കും വിംഗിന്റെ സേവനം ലഭ്യമാക്കി വരുന്നു. ദിനേന നൂറുക്കണക്കിന് ആളുകള്‍ക്കാണ് വിംഗിന്റെ നേതൃത്വത്തില്‍ സേവനങ്ങള്‍ നല്‍കി വരുന്നത്. അംഗങ്ങളായ പ്രവര്‍ത്തകര്‍ രോഗികളായവരെ കൃത്യമായ ഇടവേളകളില്‍ ബന്ധപ്പെടുന്നതിനാല്‍ ആശങ്കയകറ്റാനും അവര്‍ക്ക് ആത്മവിശ്വാസം പകരാനും കഴിയുന്നു.വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിന്റെയും ഷാഹിദ് മാസ്റ്ററുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ടെലികെയര്‍ വഴി നിരവധി പേരെ നേരിട്ട് ആശുപത്രിയിലെത്തിക്കാനും അവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പ് വരുത്താനും കഴിഞ്ഞതായി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി മുസ്തഫ പറഞ്ഞു.
മജീദ് പരപ്പനങ്ങാടിയുടെ നേതൃത്വത്തില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഡോ. സമീര്‍ പോളിക്ലിനിക്കിന്റെ ആംബുലന്‍സ് ഉപയോഗിച്ച് രോഗികളെ ആശുപത്രിയിലെത്തിച്ചു വരുന്നു. 24 മണിക്കൂറും സജീവമായിട്ടുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ റിയാദിന്റെ വിവിധ ഭാഗങ്ങളിലുള്ള രോഗികളുടെ വിവരങ്ങള്‍ കൈമാറുകയും ഗ്രൂപ്പിലെ അംഗങ്ങളില്‍ ഒരാള്‍ പ്രസ്തുത വ്യക്തിയുടെ വിഷയങ്ങളിലിടപ്പെട്ട് അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയെന്നതുമാണ് വിംഗിന്റെ പ്രവര്‍ത്തന രീതി.
ഡോ. അബ്ദുല്‍ അസീസ്, ഡോ. ആമീന സെറിന്‍, ഡോ. അന്‍സാരി, ഡോ. ജഷീര്‍ എന്നിവരടങ്ങുന്ന ഡോക്ടര്‍മാരാണ് രോഗികള്‍ക്ക്‌വേണ്ട ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കി വരുന്നത്. ഡോ. ആമിന സറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആസ്‌ക് എ ഡോക്ടര്‍ എന്ന ഗ്രൂപ്പിലെ ഡോക്ടര്‍മാരുടെയും സേവനം ഈ രോഗികള്‍ക്ക് നല്‍കി വരുന്നു. അമീന്‍ അക്ബറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന റീ ബെര്‍ത്ത് സംവിധാനം വഴി കോവിഡ് രോഗ ലക്ഷണമുവര്‍ക്കും കോവിഡ് പോസറ്റീവായി ആശുപത്രിയില്‍ കഴിയുന്നവര്‍ക്കും ഫലപ്രദമായ രീതിയില്‍ കൗണ്‍സിലിംഗ് നല്‍കി വരുന്നു.
രോഗികളുമായി നിരന്തരം ബന്ധപ്പെട്ട് അവരുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനും ആത്മവിശ്വാസം വളര്‍ത്തുന്നതിനും റീ ബെര്‍ത്ത് വഴി സാധിക്കുന്നു. ആരോഗ്യ രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ച് ക്ലാസുകളും ചര്‍ച്ചകളും സംഘടിപ്പിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ലോക്ക് ഡൗണ്‍ സമയത്ത് മരുന്നിനായി ബുദ്ധിമുട്ടുന്നവര്‍ക്ക് സൗജന്യമായി മരുന്നടക്കം എത്തിച്ചു നല്‍കുകയും മറ്റു ചിലര്‍ക്ക് നാട്ടില്‍ നിന്നും മരുന്നെത്തിച്ചു നല്‍കുകയും ചെയ്തു. ഹക്കീം വഴിപ്പാറ ഷാജഹാന്‍ വള്ളിക്കുന്ന്, അബ്ദു റഹ്‌മാന്‍ ഫറോക്ക്, അഷ്‌റഫ് അച്ചൂര്‍, അഷ്‌റഫ് വെള്ളേപ്പാടം, ഇര്‍ഷാദ് കായക്കൂല്‍, ജാബിര്‍ വാഴമ്പ്രം, ജലീല്‍ തിരൂര്‍, കെ.ടി അബൂബക്കര്‍, കബീര്‍ വൈലത്തൂര്‍, ജസീല മൂസ, ശിഹാബ് തങ്ങള്‍, മന്‍സൂര്‍ കണ്ടംകരി, മെഹബൂബ് കണ്ണൂര്‍, മുബു മുബാറക്ക്, ശിഹാബ് മണ്ണാര്‍മല, സുഹൈല്‍ കൊടുവള്ളി, യാക്കൂബ് ഒതായി, മുക്താര്‍ പി.ടി.പി, മുനീര്‍ മക്കാനി, നാസര്‍ മംഗലത്ത്, റഫീഖ് പൂപ്പലം, സഫീര്‍ തിരൂര്‍, ഷാഹുല്‍ ചെറൂപ്പ, ശറഫുദ്ദീന്‍ തുടങ്ങി ഒട്ടേറെ പ്രവര്‍ത്തകര്‍ ടെലികെയര്‍ സേവനത്തിനായി രംഗത്തുണ്ട്.






