പിപിഇ കിറ്റ് തീരുമാനം സ്വാഗതാര്‍ഹം: കേളി

റിയാദ്: തിരിച്ചു പോകുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് പകരം പിപിഇ കിറ്റുകള്‍ ഏര്‍പ്പെടുത്താനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി റിയാദ് കേളി കലാസാംസ്‌കാരിക വേദി.
വിദേശങ്ങളില്‍ നിന്നും വരുന്ന പ്രവാസികളില്‍ നല്ലൊരു പങ്കിനും രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. സര്‍ക്കാര്‍ കൈക്കൊണ്ട ഈ തീരുമാനത്തിനെതിരെ വളരെ വ്യാപകമായ നുണപ്രചാരണങ്ങളും അപവാദങ്ങളും അഴിച്ചുവിടാനാണ് പ്രതിപക്ഷ കക്ഷികളും അവരെ പിന്തുണക്കുന്നവരും സോഷ്യല്‍ മീഡിയയിലൂടെയും ശ്രമിച്ചുകൊണ്ടിരുന്നത്.
സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തുരങ്കം വെക്കുന്ന പ്രവര്‍ത്തനങ്ങളാണ് കേരളത്തിലെ പ്രതിപക്ഷ കക്ഷികള്‍ തുടക്കം മുതല്‍ സ്വീകരിച്ചു കൊണ്ടിരുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും വരുന്നവരെ യാതൊരു നിയന്ത്രണവുമില്ലാതെ കേരളത്തില്‍ പ്രവേശിപ്പിക്കുക, മറ്റുള്ളവരുടെ സുരക്ഷയെകരുതി ഒരുക്കിയ ക്വാറന്റയിന്‍ രീതികള്‍ മാറ്റുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് അവര്‍ ഉന്നയിച്ചത്. ജനങ്ങളുടെ സുരക്ഷയെ തീര്‍ത്തും അവഗണിച്ച് കേരളത്തിലെ അവസ്ഥ ഇന്ത്യയിലെ മറ്റ് കോവിഡ് ബാധിത സംസ്ഥാനങ്ങളിലേതിന് തുല്യമാക്കി അത് ഗവര്‍മെന്റിന്റെ കെടുകാര്യസ്ഥതയായി ചിത്രീകരിച്ച് തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്ന ഗൂഢലക്ഷ്യമായിരുന്നു പ്രതിപക്ഷത്തിന്‍േറത്. സര്‍ക്കാരിനെതിരെയുള്ള ഇത്തരം എല്ലാ പ്രചരണങ്ങളുടെയും മുന ഒടിച്ചു കൊണ്ട് ഈ സര്‍ക്കാര്‍ എന്നും പ്രവാസികള്‍ക്ക് ഒപ്പം ആണെന്ന കരുതല്‍ ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഇത്തരം നടപടി എന്ന് കേളി സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
കേരളസര്‍ക്കാര്‍ കൈക്കൊണ്ട ഇത്തരം തീരുമാനം ഉള്ളപ്പോള്‍ തന്നെ ഇന്ത്യയിലേക്ക് തിരിച്ചു പോകാന്‍ ആവശ്യമായ വിമാന സൗകര്യം കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല എന്നത് ദുശ്ശഖകരമായ വസ്തുതയാണ്. പ്രവാസികള്‍ക്ക് മതിയായ യാത്രാസൗകര്യം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും കേളി ആവശ്യപ്പെട്ടു.






