മര്‍കസ് അലുംനി ചാര്‍ട്ടേഡ് ഫ്‌ലൈറ്റ്: ജിദ്ദയില്‍ നിന്നും കണ്ണൂരിലെത്തി

കണ്ണൂരില്‍ ആദ്യമായിറങ്ങുന്ന സൗദി എയര്‍ലൈന്‍സ് വിമാനം

ജിദ്ദ: കോവിഡ് പ്രതിസന്ധിയിലാക്കിയ പ്രവാസികളെയും വഹിച്ചു, റവാബി ട്രാവല്‍സിന്റെയും ജീസ്‌കോ സൊലൂഷന്‍സിന്റെയും സഹകരണത്തോടെ കാരന്തൂര്‍ മര്‍കസ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും എലൈറ്റ് എക്‌സ്പ്രസും സംയുക്തമായി ചാര്‍ട്ട് ചെയ്ത സൗദി എയര്‍ലൈന്‍സിന്റെ എസ്.വി 3702 വിമാനം ബുധനാഴ്ച രാവിലെ സൗദി സമയം 9.15 ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ ഒന്നില്‍ നിന്നും പുറപ്പെട്ട് ഇന്ത്യന്‍ സമയം ഏകദേശം വൈകുന്നേരം 5.30 ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങുകയും ചെയ്തു.

വിമാനത്തിലെ യാത്രക്കാര്‍ക്ക് ഊഷ്മള സ്വീകരണമൊരുക്കുവാന്‍ എസ്.വൈ.എസ് സ്വാന്തനം വിഭാഗം രംഗത്തുണ്ടായിരുന്നു. ഇതാദ്യമായാണ് ജിദ്ദയില്‍ നിന്നും കണ്ണൂരിലേക്ക് സൗദി എയര്‍ലൈന്‍സിന്റെ വിമാനം പറക്കുന്നത്. 300 യാത്രക്കാര്‍ക്ക് സൗകര്യമുള്ള വിമാനത്തില്‍ ഗര്‍ഭിണികള്‍, രോഗികള്‍, ജോലി നഷ്ടപ്പെട്ടവര്‍, വിസാകാലാവധി കഴിഞ്ഞവര്‍, അടിയന്തിരമായി നാട്ടിലെത്തേണ്ടവര്‍ തുടങ്ങിയ 250 പേരാണ് ഉണ്ടായിരുന്നത്.

മര്‍കസ് അലുംനി, വളണ്ടിയര്‍ വിഭാഗം പ്രവാസികളെ യാത്രയാക്കുന്നതിനായി ജിദ്ദ വിമാനത്താവളത്തില്‍ എത്തിയിരുന്നു. അഷ്‌റഫ് കൊടിയത്തൂര്‍, സുജീര്‍ പുത്തന്‍പള്ളി, നാസര്‍ മയനാട്, സൈദു മുഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ നേത്രത്വം നല്‍കി.
ആദ്യമായി കണ്ണൂരിലെത്തിവ സൗദി എയര്‍ലൈന്‍സിന് എയര്‍പോര്‍ട്ട് അതോറിറ്റിയും കിയാലും വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരണം നല്‍കി.