റാപ്പിഡ് ടെസ്റ്റ് നടത്താന്‍ സൗകര്യമില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് പിപിഇ കിറ്റ് മതി എന്ന തീരുമാനം സ്വാഗതാര്‍ഹം: സൗദി ഐഎംസിസി

ജിദ്ദ: ജൂണ്‍ 25 മുതല്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചു കൊണ്ട്, ടെസ്റ്റ് ചെയ്യാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പിപിഇ കിറ്റ് മതി എന്ന തീരുമാനം ഐഎംസിസി സൗദി കമ്മിറ്റി സ്വാഗതം ചെയ്തു.

യാത്ര ചെയ്യാന്‍ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആവണം എന്ന തീരുമാനം ഉണ്ടായ ഉടന്‍ ഐഎംസിസി ഇത് അപ്രായോഗികം ആണെന്ന് കാട്ടി മുഖ്യമന്ത്രിക്കും നോര്‍ക്ക അധികാരികള്‍ക്കും തീരുമാനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റിയും പ്രവാസികളുടെ യാത്ര എളുപ്പത്തിലാക്കാന്‍ നടപടികള്‍ എടുക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഐഎംസിസി അടക്കമുള്ള പ്രവാസി സംഘടനകള്‍ നടത്തിയ ഇടപെടലുകളുടെ ഫലമായാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. പ്രവാസികള്‍ക്ക് എതിരാണ് കേരള സര്‍ക്കാര്‍ എന്ന അസത്യ പ്രചരണം നടത്തുന്ന യുഡിഫ് സംവിധാനങ്ങള്‍ ഈ ദുരന്തകാലത് അത്തരം കള്ള പ്രചരണങ്ങള്‍ കൂടി നിര്‍ത്തണം എന്ന് തീരുമാനത്തെ സ്വാഗതം ചെയ്ത് കൊണ്ടുള്ള പത്രക്കുറിപ്പില്‍ ഐഎംസിസി ഭാരവാഹികളായ എഎം അബ്ദുുല്ലക്കുട്ടി, ഹനീഫ് അറബി, നാസര്‍ കുറുമാത്തൂര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.