ഹജജ്: സൗദി നിലപാടിന് വ്യാപക പിന്തുണ

റിയാദ്: ഈ വര്‍ഷത്തെ വിശുദ്ധ ഹജജ് കര്‍മ്മവുമായി ബന്ധപ്പെട്ട സൗദി ഹജജ് ഉംറ മന്ത്രാലയം കൈകൊണ്ട തീരുമാനത്തിന് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സൗദി ഉന്നതാധികാര പണ്ഡിതസഭയാണ് ഈ തീരുമാനത്തെ പിന്തുണച്ചു ആദ്യം രംഗത്തെത്തിയത്. വിശുദ്ധ കഅബാലയവും പരിസരവും വിശ്വാസികള്‍ക്ക് സുരക്ഷിതത്വമുള്ളതാണെന്ന ഖുര്‍ആനിക വചനവും, മഹാമാരിയില്‍ നിന്നും ജാഗ്രത പുലര്‍ത്തുവാന്‍ നിര്‍ദ്ദേശിക്കുന്ന നിരവധി പ്രവാചക വചനങ്ങളും, ഒരാള്‍ക്കും ഒരു ബുദ്ധിമുട്ടും ഏല്‍പിക്കരുതെന്ന ഇസ്‌ലാമിന്റെ പൊതുതത്വങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലും, സാമൂഹ്യ അകലം പാലിക്കാതിരുന്നാല്‍ കൊറോണ വൈറസ് വ്യാപകമായി പടരുമെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടും, സൗദി ഭരണകൂടം ഈ വര്‍ഷത്തെ ഹജജ് സൗദിയിലുള്ള വളരെ കുറഞ്ഞ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തുവാന്‍ തീരുമാനിച്ചത് ശരിയായ നിലപാടാണെന്ന് ഉന്നതാധികാര പണ്ഡിത സഭ പ്രസ്താവിച്ചു.

സൗദി ഉന്നതാധികാര പണ്ഡിത സഭ അധ്യക്ഷനും ഗ്രാന്റ് മുഫ്തിയുമായ ശൈഖ് അബ്ദുല്‍ അസീസ് അബ്ദുല്ലാ ആലു ശൈഖിന്റെ അധ്യക്ഷതയില്‍ അംഗങ്ങളായിട്ടുള്ള ഏഴ് പണ്ഡിതന്മാരും പ്രസ്താവനയില്‍ ഒപ്പുവെച്ചു.

ഈ വര്‍ഷത്തെ ഹജജ് സംബന്ധിച്ച സൗദിയുടെ തീരുമാനം ശരീഅത്ത് വ്യവസ്ഥകളും പ്രതിരോധ നടപടികളും നിര്‍ബന്തന്ധമാക്കുന്ന അടിയന്തിര ആവശ്യകതയാണെന്ന് ഇസ്‌ലാമിക് വേള്‍ഡ് ലീഗ് അഭിപ്രായപ്പെട്ടു.

തീര്‍ത്ഥാടകരുടെ സുരക്ഷാ മുന്‍നിര്‍ത്തി പരിമിതമായ ആളുകള്‍ക്ക് മാത്രം ഹജജിനവസരം നല്‍കി സൗദി അറേബ്യ എടുത്തിട്ടുള്ള നിലപാട് മതപരമായ ബാധ്യതയാണെന്ന് ഇരു ഹറം ഭരണകാര്യ മേധാവി ഡോക്ടര്‍ അബ്ദുറഹ്‌മാന്‍ സുദൈസ് അഭിപ്രായപ്പെട്ടു.
വിശുദ്ധ ഹജജ് മുടങ്ങാതെയും തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പുനല്‍കിയും എടുത്തിട്ടുള്ള സൗദിയുടെ ഹജജ് നയം വളരെ തന്‍േറടവും ധീരതയുമുള്ളതാണെന്ന് അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി മേധാവി (ശൈഖുല്‍ അസ്ഹര്‍) ഡോക്ടര്‍ അഹ്‌മദ് ത്വയ്യിബ് അഭിപ്രായപ്പെട്ടു. അതുപോലെ ഈ തീരുമത്തെ ഈജിപ്ഷ്യന്‍ ഫത്‌വാ ബോര്‍ഡും പിന്തുണച്ചു.