ഈ വര്‍ഷത്തെ ഹജജ് കര്‍മ്മം സൗദിയിലുള്ളവര്‍ക്ക് മാത്രം: ഹജജ് മന്ത്രാലയം

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജജ് കര്‍മ്മം സൗദിയിലുള്ളവര്‍ക്ക് മാത്രമായിരിക്കുമെന്നും ഹജജ് ചെയ്യുവാന്‍ ആഗ്രഹിക്കുന്ന വളരെ പരിമിതമായ സ്വദേശികളും വിദേശികളുമായ തീര്‍ത്ഥാടകര്‍ക്ക് മാത്രമായിരിക്കും അവസരമുണ്ടാവുക എന്നും ഹജജ് ഉംറ മന്ത്രാലയം അറിയിച്ചു. സമ്പൂര്‍ണ്ണ ആരോഗ്യ സുരക്ഷയോടെ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കണമെന്ന സൗദി ഭരണകൂടത്തിന്റെ താത്പര്യമനുസരിച്ചാണ് ഈ തീരുമാനമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

കൊറോണ വൈറസിന്റെ പശ്ചാാത്തലത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഹജജ് കര്‍മ്മം സാമൂഹ്യ അകലം പാലിക്കുക ഉള്‍പ്പെടെയുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ എല്ലാ പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ക്ക് വിധേയമായാണ് നടത്തപ്പെടുക. ഹജജിനെത്തുന്ന അല്ലാഹുവിന്റെ അതിഥികള്‍ക്ക് ഒരു ആരോഗ്യ പ്രതിസന്ധിയും ഉണ്ടാവാനിടവരരുതെന്നാണ് രാജ്യം ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായാണ് വൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ ഉംറ കര്‍മ്മം നിര്‍ത്തിവെച്ചതും നേരത്തെ പുണ്യ സ്ഥലങ്ങളില്‍ എത്തിയവര്‍ക്ക് മികച്ച ആരോഗ്യ പരിചരണം നല്‍കിയതും.

നേരത്തെ തന്നെ വിവിധ രാജ്യങ്ങളിലുള്ളവരോട് ഹജജ് കരാറില്‍ ഒപ്പുവെക്കുവാന്‍ കാത്തിരിക്കണമെന്നായിരുന്നു ഹജജ് ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബെന്‍തിന്‍ പറഞ്ഞിരുന്നത്, പക്ഷെ അതിനു ശേഷവും കൊറോണ വൈറസ് വിവിധ രാജ്യങ്ങളില്‍ സംഹാരതാണ്ഡവമാടിക്കൊണ്ടിരിക്കുമ്പോള്‍ തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചു രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് ഈ വര്‍ഷത്തെ ഹജജ് വേണ്ടെന്ന് വെക്കുകയായിരുന്നു. സൗദിയിലുള്ളവര്‍ക്ക് തന്നെ വളരെ പരിമിതമായ എണ്ണം ആളുകള്‍ക്ക് മാത്രമായിരിക്കും അവസരമുണ്ടാവുക. ഈ അവസരം സ്വദേശികള്‍ക്കും വിവിധ രാജ്യക്കാരായ വിദേശികള്‍ക്കും ഉണ്ടാവുമെന്നും ഹജജ് ഉംറ മന്ത്രാലയം അറിയിച്ചു.