നഗരത്തിലെ വെള്ളക്കെട്ട്; മുസ്‌ലിം ലീഗ് സംഘം നഗരസഭ ചെയര്‍മാനെ കണ്ടു

തലശ്ശേരി: കാലവര്‍ഷത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി നാശ നഷ്ടം നേരിടുന്ന വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ക്ക് ശ്വാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് മുന്‍സിപ്പല്‍ പ്രസിഡണ്ട് സി.കെ.പി മമ്മുവിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ നഗരസഭ ചെയര്‍മാന്‍ സി.കെ രമേശനുമായി ചര്‍ച്ച നടത്തി.

കഴിഞ്ഞ ദിവസം ചെയ്ത കനത്ത മഴയില്‍ പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്തും നാരങ്ങാ പുറത്തും എ.വി.കെ നായര്‍ റോഡിലും വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വ്യാപാരികള്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടായത്. വെള്ളം കയറി നഷ്ടങ്ങള്‍ സംഭവിച്ച കടകള്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. നഗരത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടും മാരക രോഗം പിടിപ്പെടുന്ന സാഹചര്യത്തിലും നഗരത്തിലെ ശുചീകരണ പ്രവര്‍ത്തനം പരാജയമാണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചിരുന്നു. രാത്രി കാലങ്ങളില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും സ്ട്രീറ്റ് ലൈറ്റ് പ്രകാശിക്കാത്തതിനാല്‍ കൂരിരുട്ടാണ്. ഇതിന് പരിഹാരം കാണണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

നഗരസഭ പ്രതിപക്ഷ നേതാവ് പി.പി സിജിത ടീച്ചര്‍ നേതാക്കളായ അഹമ്മദ് അന്‍വര്‍ ചെറുവക്കര, തഫ്‌ലീം മാണിയാട്ട് എന്നിവരും സംഘത്തിലുണ്ടായിരുന്നു.