തലശ്ശേരി നഗരത്തിൽ വിവിധയിടങ്ങളിൽ വെള്ളം കയറി

തലശ്ശേരി: ഇന്നലെ കാലത്ത് മുതൽ തുടർച്ചയായി പെയ്ത കനത്ത മഴയിൽ തലശ്ശേരി നഗരത്തിൽ വിവിധയിടങ്ങളിൽ വെള്ളം കയറി. ഷെമി ഹോസ്പിറ്റൽ പരിസരം വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. ലോഗൻ സ് റോഡ്, മണവാട്ടി ജംഗ്ഷൻ, ജൂബിലി റോഡ്, ടൗൺ ഹാൾ പരിസരം തുടങ്ങി നിരവധിയിടങ്ങളിൽ വെള്ളം കയറി ഗതാഗതവും തടസ്സപ്പെട്ടു.
കൂടാതെ കണ്ണിച്ചിറ തോട്, കനാൽ, ഇല്ലത്ത് താഴെ, മലബാർ കാൻസർ സെന്ററിലേക്കുള്ള റോഡായ പപ്പൻ പീടിക, മാടപ്പീടിക ഇലക്ട്രിസിറ്റി ഓഫീസിനു മുന്നിലും വെള്ളക്കെട്ടുണ്ടായി. മാടപ്പീടിക ഗുംട്ടിയിൽ നിന്നും കൊമ്മൽ വയലിലേക്കുള്ള റോഡും നാരായണ ഋഷി മഠം റോഡ്, കള്ള് ഷാപ്പ് റോഡ്, പുതിയറോഡ്, ഹിന്ദി മഹാവിദ്യാലയം റോഡ് എന്നിവിടങ്ങളിലും വെള്ളം കയറി. മാഹി – മുഴപ്പിലങ്ങാട് ബൈപാസ് കടന്നു പോകുന്ന റോഡുകളിൽ നിന്നും മണ്ണൊലിച്ചിറങ്ങിയതും മാടപ്പീടിക മേഖലയിലെ വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടി. കണ്ണിച്ചിറ പെരിങ്കളം റോഡിലും വെള്ളം കെട്ടി നിന്നു . കുട്ടി മാക്കൂൽ കണ്ടിക്കൽ റോഡും വെള്ളം കയറി. കനത്ത മഴ തുടരുന്നതിനാൽ ദേശ വാസികൾ ആശങ്കയിലാണ്.






