കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ നടപടി പ്രവാസികളോടുള്ള വെല്ലുവിളി: ബേപ്പൂര്‍ മണ്ഡലം കെ.എം.സി.സി ഗ്‌ളോബല്‍ കമ്മിറ്റി

റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാര്‍ നടപടി ലക്ഷക്കണക്കിന് പ്രവാസികളെ വീണ്ടും ആശങ്കയുടെ നിഴലിലാക്കിയിരിക്കുകയാണെന്നും അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന പരിഗണന പോലും വിദേശത്ത് നിന്നും വരുന്നവര്‍ക്ക് നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാട് പ്രവാസി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ബേപ്പൂര്‍ മണ്ഡലം കെ.എം.സി.സി ഗ്‌ളോബല്‍ കമ്മിറ്റി.

കോവിഡ് വ്യാപന ആശങ്കയും ജോലിയും വരുമാനവുമില്ലാതെയായതും പ്രവാസികളെ മാനസികമായി ഏറെ തളര്‍ത്തിയിരിക്കുകയാണ്. ദിനേന മലയാളികടക്കമുള്ള നിരവധി പേരാണ് വിവിധ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചു കൊണ്ടിരിക്കുന്നത്. ഹൃദയാഘാതം മൂലമുള്ള മരണങ്ങളും വര്‍ധിച്ചു വരുന്നു. ഈയൊരു സാഹചര്യത്തിലാണ് പ്രവസികളില്‍ ചിലര്‍ നാടണയാന്‍ എംബസിയിലും നോര്‍ക്കയിലുമെല്ലാം രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. എന്നാല്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതോടെ ഇവരുടെ യാത്ര അനിശ്ചിതത്തിലായിരിക്കുകയാണ്. കേരള സര്‍ക്കാറിന്റെ വികലമായ കാഴ്ചപ്പാടാണ് ഇത്തരമൊരു നിയമം പ്രവാസികളില്‍ അടിച്ചേല്‍പ്പിക്കാന്‍ കാരണമായത്. ദൈനംദിനം നിലപാടുകള്‍ മാറ്റി പ്രവാസികളെ മാനസികമായി കൂടുതല്‍ തളര്‍ത്തുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. വിദേശ രാജ്യങ്ങളില്‍ കോവിഡ് ടെസ്റ്റ് നടത്തുന്നതിലെ പ്രായോഗികതയും അതിന്റെ ചെലവ് സാധാരണക്കാരായ പ്രവാസികള്‍ക്ക് വഹിക്കാനാവുമോയെന്നൊന്നും ചിന്തിക്കാതെ പ്രവാസികളുടെ മടക്കയാത്രക്ക് മുടക്കം വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ തീരുമാനങ്ങള്‍ കൈകൊണ്ടിരിക്കുന്നത്.

മാസങ്ങളായി ജോലി ഇല്ലാതെ പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ പലരില്‍ നിന്നുമായി ടിക്കറ്റിനുള്ള പണം വരെ കണ്ടെത്തിയാണ് തന്റെ ജന്മനാട്ടിലേക്ക് വരാന്‍ ശ്രമിക്കുക്കുന്നത്. അതിനു തുരങ്കം വെക്കുന്ന ഈ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും, ഹോം ക്വാറന്റെനുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിടുന്ന നിസ്സഹായരായ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ബദല്‍ സംവിധാനം കണ്ടെത്തണമെന്നും ഗ്‌ളോബല്‍ കെ.എം.സി.സി ബേപ്പൂര്‍ മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഷാഹുല്‍ ബേപ്പൂര്‍, അഷ്‌റഫ് നല്ലളം, ഷാനവാസ് സി.പി, അയ്യൂബ് കല്ലട, സലീം എം.എല്‍.സി, റാഷിദ് തങ്ങള്‍, അക്ബര്‍ വേങ്ങാട്ട്, പി.ടി സലാം, സിദ്ദീഖ് മുണ്ടോളി, സൈനുല്‍ ആബിദീന്‍, മുസ്തഫ നല്ലളം സംസാരിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല സ്വാഗതവും ട്രഷറര്‍ നാസര്‍ മുല്ലക്കല്‍ നന്ദിയും പറഞ്ഞു.