റോഡിലെ അശാസ്ത്രീയമായ ടാറിംഗ് അപകടങ്ങള്‍ക്ക് വഴിവെക്കുന്നു

തലശ്ശേരി: അശാസ്ത്രീയമായ ടാറിംഗ് ദേശീയ പാത അപകടക്കെണിയാവുന്നു. ധര്‍മ്മടം മുതല്‍ എടക്കാട് ഗേറ്റ് വരെയുള്ള ദേശീയ പാതയിലെ ടാറിംഗിലെ പാച്ച് വര്‍ക്കുകള്‍ അപകടം വരുത്തിവെക്കുന്നു. റോഡിലെ കുഴിയടക്കുമ്പോള്‍ റോഡില്‍ പൊടുന്നനെ രൂപപ്പെടുന്ന ഉയര്‍ച്ചയും താഴ്ചയും വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതിന് വഴിവെക്കുന്നു. അധികൃതരുടെ ഇത്തരം അശാസ്ത്രീയമായ ടാറിംഗ് പാച്ച് വര്‍ക്കുകള്‍ നിരവധി വാഹന യാത്രികര്‍ അപകടത്തില്‍ പെടുന്നതിന്നും ജീവന്‍ തന്നെ നഷ്ടപ്പെടുന്നതിന് ഇടവെക്കുന്നു.
ഇതിന്റെ ഇരയാണ് മുഴപ്പിലക്കാടിന് സമീപം ദേശീയ പാതയില്‍ ടെമ്പിള്‍ ഗേറ്റ് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഹരിഹരന്റ അപകട മരണത്തിന് ഇടയാക്കിയതെന്ന് സമീപ വാസികള്‍ ചൂണ്ടിക്കാട്ടുന്നു. റോഡിലെ കുഴികള്‍ അടക്കുമ്പോള്‍ രൂപപ്പെടുന്ന ടാറിംഗിലെ ഉയര്‍ച്ചയും താഴ്ചയും കാരണം ഇരുചക്രവാഹനങ്ങളും മുചക്ര വാഹനങ്ങളുമാണ് ഏറെയും അപകടത്തില്‍പ്പെടുന്നത്. മുന്‍വശത്തെ വീല്‍ റോഡില്‍ നിന്നും തെന്നിമാറിയാണ് ഏറെ അപകടങ്ങള്‍ക്കും വഴിവെക്കുന്നത്. ധര്‍മ്മടം മുതല്‍ എടക്കാട് ഗേറ്റിനുമിടയില്‍ അശാസ്ത്രീയമായ ടാറിംഗ് നിരവധി ഭാഗങ്ങളില്‍ കണ്ടുവരുന്നുണ്ട്. അധികൃതര്‍ അനാസ്ഥ തുടരുകയാണെങ്കില്‍ ഇവിടം നിരവധി അപകടങ്ങള്‍ക്ക് വഴിവെക്കും.






