പ്രവാസികളുടെ തിരിച്ചു വരവ് സങ്കീര്‍ണ്ണമാക്കുന്ന നിബന്ധനകള്‍ ഗവണ്‍മെന്റുകള്‍ പിന്‍വലിക്കുക: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍

ജിദ്ദ: കോവിഡ്-19ന്റെ അനന്തമായ വ്യാപന ഭീതിയില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികള്‍ നാടണയാനുള്ള വ്യഗ്രതയിലും അനുകൂലമായ സാഹചര്യങ്ങളും സംവിധാനങ്ങളും കണ്ടെത്താനുള്ള പരിശ്രമങ്ങളിലും മുഴുകിയിരിക്കുമ്പോള്‍, അവരെ മുഴുവന്‍ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുന്ന നിബന്ധനകളുമായി കേന്ദ്ര-കേരള ഗവണ്‍മെന്റുകള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സൗദി ദേശീയ കമ്മറ്റി  ശക്തമായി പ്രതിഷേധമറിയിച്ചു.

വിദേശത്തു നിന്ന് വരുന്ന പ്രവാസികള്‍ കോവിഡ് ടെസ്റ്റ് നടത്തുകയും പോസിറ്റീവ് റിസള്‍ട്ടല്ല എന്ന് ഉറപ്പു വരുത്തുകുയും ചെയ്തതിനു ശേഷം മാത്രമേ സ്വദേശത്തേക്ക് വരാവൂ എന്ന നിയമം ഫലത്തില്‍ നാടണയാന്‍ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളേയും കൂടുതല്‍ വിഷമവൃത്തത്തിലകപ്പെടുത്തിയിരിക്കുകയാണ്.

സൗദീ അറേബ്യയില്‍ അകപ്പെട്ട, നാടണയാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും പ്രയാസങ്ങളില്ലാതെ യാത്രചെയ്യാന്‍ കര്‍ക്കശമായ നിയമ വ്യവസ്ഥകള്‍ ഒഴിവാക്കാനും പൗരന്മാരുടെ ജീവരക്ഷയ്ക്കും സുരക്ഷിതത്വത്തിനും അനുഗുണമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും കേന്ദ്ര-കേരള ഗവണ്‍മെന്റുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാകണമെന്നും ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ആവശ്യപെട്ടു.

അബ്ബാസ് ചെമ്പന്‍, കുഞ്ഞഹമ്മദ് കോയ, ഡോ. മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് ഇദ്രീസ് സ്വലാഹി, മുഹമ്മദ് കബീര്‍ സലഫി, ഹബീബ് റത്ഥാന്‍ മേലേവീട്ടില്‍, മുജീബ് തൊടികപ്പുലം,  അബ്ദുറസാഖ് സ്വലാഹി, ശിഹാബ് സലഫി, അബൂബക്കര്‍ മേഴത്തൂര്‍, സഅദുദ്ദീന്‍ സ്വലാഹി, അബ്ദുല്‍ ഹകീം, അബ്ദുല്‍ ജബ്ബാര്‍  എന്നിവര്‍ ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗത്തില്‍ സംബന്ധിച്ചു.