ഫ്‌ളൈറ്റുകളില്‍ എത്തുന്നവര്‍ക്ക് ടെസ്റ്റ്; പ്രതിഷേധാര്‍ഹമെന്ന് ജിദ്ദ ദഅവ കോഡിനേഷന്‍ കമ്മിറ്റി

ജിദ്ദ: വന്ദേ ഭാരത് മിഷന്റെ ഫ്‌ളൈറ്റുകളില്‍ എത്തുന്നവര്‍ക്ക് നിര്‍ബന്ധമല്ലാത്ത ടെസ്റ്റ് ചാര്‍ട്ടേഡ് വിമാനത്തിലെത്തുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമെന്ന് ജിദ്ദ ദഅവ കോഡിനേഷന്‍ കമ്മിറ്റി – വിസ്ഡം.
സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ വന്ദേ ഭാരത് മിഷന്റെ ഫ്‌ളൈറ്റുകളില്‍ എത്തുന്നവര്‍ക്ക് പരിശോധന നിര്‍ബന്ധമില്ല. ജോലിയും കൂലിയുമില്ലാതെയാണ്  അര്‍ധ പട്ടിണിയുമായി കഴിയുന്ന ബഹുഭൂരിഭാഗം പ്രവാസികളുമിപ്പോള്‍. നാട്ടിലെത്താന്‍ ടിക്കറ്റിന് പണം കണ്ടത്താതെ വിഷമിക്കുന്ന ഈ അവസ്ഥയില്‍ കോവിഡ് ടെസ്റ്റ് അധിക ബാധ്യത  പ്രവാസികളെ അങ്ങേയറ്റം വിഷമിപ്പിക്കുന്നതാണ്.
വിസ കാലാവധി കഴിഞ്ഞവര്‍, രോഗികള്‍, ഗര്‍ഭിണികള്‍, പ്രായമായവരൊക്കെ എങ്ങിനെയെങ്കിലും നാടണയാന്‍ കൊതിക്കുമ്പോള്‍ ഇത്തരം പുതിയ നിയമങ്ങള്‍ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നും കോര്‍ഡിനേഷന്‍ കമ്മറ്റി പ്രസിഡണ്ട് സുനീര്‍ പുളിക്കല്‍, ജന. സെക്രട്ടറി ഫൈസല്‍ വാഴക്കാട്, അബ്ദുല്‍ ഗഫൂര്‍ പൂങ്ങാടന്‍, ജമാല്‍ വാഴക്കാട്, മുഹമ്മദ് കുട്ടി പുളിക്കല്‍, ഹുസൈന്‍ ചുങ്കത്തറ, നബീല്‍ പാലപെറ്റ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.