ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ മധ്യാഹ്‌ന വിശ്രമമൊരുക്കി സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയില്‍ ഉച്ച വിശ്രമ നിയമം ജൂണ്‍ 15 മുതല്‍ നിലവില്‍വരും. സെപ്തംബര്‍ 15 വരെയാണ് നിയമം. സ്വകാര്യ മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്ക് ഉച്ചസമയം മൂന്ന് മണിക്കൂര്‍ വിശ്രമം നിര്‍ബന്ധമാക്കുന്നതാണ് നിയമം. സൗദി മാനവശേഷി വിഭവ മന്ത്രാലയമാണ് ഇത്‌സംബന്ധമായി ഉത്തരവിറക്കിയിട്ടുള്ളത്.

തുറസ്സായ സ്ഥലങ്ങളില്‍ സൂര്യന് താഴെ വെയിലത്ത് തൊഴിലെടുക്കുന്ന സ്വകാര്യ മേഖലകളിലെ തൊഴിലാളികള്‍ക്ക് ആശ്വാസമാവുന്നതാണ് നിയമം. ഈ സമയത്തു തൊഴിലെടുപ്പിക്കുന്നത് കടുത്ത നിയമ വിരുദ്ധ പ്രവര്‍ത്തനമാണ്. ഉച്ചക്ക് 12 മണി മുതല്‍ വൈകുന്നേരം 3 മണിവരെ നിര്‍ബന്ധമായും വിശ്രമം അനുവദിക്കണം.

പെട്രോളിയം, ഗ്യാസ്, അടിയന്തിര സാഹചര്യത്തിലുള്ള മെയിന്റിനെന്‍സ് ജോലികള്‍ എന്നീ വിഭാഗങ്ങളിലുള്ള തൊഴിലാളികളെ നിയമത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ തൊഴിലുടമ ഒരുക്കണം.

ആപേക്ഷികമായി ചൂട് കുറഞ്ഞ താപനികലകളുള്ള ഏതാനും സ്ഥലങ്ങളെ ഈ നിയമത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.