കോവിഡ് ടെസ്റ്റ് നിര്‍ബന്ധം: സി.പി.ഐ അനുഭാവികളുടെ പ്രവാസി സംഘടന ന്യൂ ഏജ് ഇന്ത്യ ഫോറം പതിഷേധം അറിയിച്ചു

ജിദ്ദ: വന്ദേഭാരത് മിഷന്‍ വഴി അര്‍ഹരായ പ്രവാസികള്‍ക്ക് നാടണയാന്‍ പര്യാപ്തമാവും വിധത്തില്‍ വിമാന സര്‍വീസുകള്‍ കേന്ദ്ര ഗവര്‍മെന്റ് ഏര്‍പ്പെടുത്താതെ വന്ന ഘട്ടത്തിലാണ് പ്രവാസ സംഘടനകള്‍ മുന്‍കൈ എടുത്ത് ഫ്‌ളൈറ്റുകള്‍ ചാര്‍ട്ട് ചെയ്ത് തുടങ്ങിയത്. വന്ദേഭാരത് മിഷനില്‍ അവസരം കാത്ത് ഏറെ നാളായി കഴിയുന്ന പ്രവാസികള്‍ക്ക് ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ചെറുതല്ലാത്ത ആശ്വാസമായിരുന്നു നല്‍കി കൊണ്ടിരുന്നത്.
തുടക്കത്തില്‍ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിന്റെ ഇടപെടല്‍ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യുന്നവരെ ആശങ്കയിലാക്കി. ഇപ്പോള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കു മാത്രമേ യാത്ര സാധ്യമാകുകയുള്ളൂ എന്ന സര്‍ക്കാര്‍ ഉത്തരവ് കൂടെ വന്നതോടെ ചാര്‍ട്ടര്‍ വിമാനങ്ങളിലെങ്കിലും നാടണയാം എന്ന ഗള്‍ഫ് പ്രവാസികളുടെ ആഗ്രഹം കൂടിയാണ് അവസാനിക്കാന്‍ പോകുന്നത്. ചാര്‍ട്ട് ചെയ്ത സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉണ്ടാകുന്ന
സാമ്പത്തിക നഷ്ടം അതിന്റെ മറ്റൊരു വശം കൂടിയാണ്.
ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് പല രാജ്യത്തും കോവിഡ് സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തുന്നില്ല എന്ന യാഥാര്‍ത്ഥ്യം ഇത്തരം ഓര്‍ഡര്‍ ഇറക്കും മുന്‍പ് സര്‍ക്കാര്‍ മനസ്സിലാക്കേണ്ടതുണ്ടായിരുന്നു. പ്രവാസികളുടെ അടിയന്തിര പ്രാധാന്യമുള്ള ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കും മുന്‍പ് ലോക കേരള സഭ, നോര്‍ക്ക മുതലായ സംവിധാനങ്ങളമായി ബന്ധപ്പെട്ട് അതാത് രാജ്യത്ത് ഇത്തരം ടെസ്റ്റുകള്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നേടാന്‍ ഉള്ള സാധ്യതകള്‍ എങ്കിലും ആരായാമായിരുന്നു. കൊട്ടിഘോഷിച്ച ഈ സംവിധാനങ്ങള്‍ പിന്നെ എന്തിനു വേണ്ടി ആയിരുന്നു എന്ന് പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.
കേവലം ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്ന തീരുമാനങ്ങള്‍ പ്രവാസികള്‍ക്ക് മേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ പ്രവാസ ലോകത്ത് സര്‍ക്കാര്‍ വിരുദ്ധ സംഘടനകള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് മറുപടി പോലും നല്‍കാന്‍ ആകാത്ത സ്ഥിതിയിലാണ് ഇടത് പ്രവാസി സംഘടനകള്‍.
പ്രവാസി ക്ഷേമത്തില്‍ നാളിതുവരെ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും യശസ്സ് കളയുന്നതാണ് അവസാന ഘട്ടങ്ങളില്‍ വന്ന ഓരോ തീരുമാനവും. അടിയന്തിരമായി സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കാന്‍ നടപടി കൈക്കൊണ്ടേ മതിയാകൂ. ഈ വിഷയത്തില്‍ ന്യൂ ഏജ് ഇന്ത്യ ഫോറം ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നതായി ന്യൂ ഏജ് ഇന്ത്യ ഫോറം ഭാരവാഹികളായ പി.പി റഹീം, സലീം മധുവായി, സത്താര്‍ കണ്ണൂര്‍ എന്നിവര്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. ജിദ്ദയിലെ സി.പി.ഐ അനുഭാവികളുടെ പ്രവാസി സംഘടനയാണ് ന്യൂ ഏജ് ഇന്ത്യ ഫോറം.






