സര്‍ക്കാര്‍ വീഴ്ച ദേവികയുടെ മരണത്തിനിടയാക്കി: കെ. മുരളീധരന്‍ എം. പി

തലശ്ശേരി: ഓണ്‍ ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ രണ്ടര ലക്ഷത്തില്‍ അധികം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ചയാണ് ദേവികയുടെ മരണത്തിനിടയാക്കിയതെന്ന് കെ. മുരളീധരന്‍ എം പി.

ഈ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി മാപ്പു പറയണം. ദേവിക എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി താലൂക്ക് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരന്‍ എം. പി. മുഖ്യമന്ത്രി ബെല്ലടിച്ച് മന്ത്രി ജലീല്‍ ക്ലാസെടുത്ത് ഉദ്ഘാടനം ചെയ്ത ഓണ്‍ലൈന്‍ ക്ലാസ് ദേവികയുടെ ആത്മഹത്യക്ക് ശേഷം വെറും ട്രയല്‍ മാത്രമാണെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയതിനു ശേഷമാണ് അധ്യായന വര്‍ഷം ആരംഭിക്കേണ്ടത്.

ആവശ്യമായ കുടിയാലോചനകള്‍ നടത്തിയതിലും സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ച വന്നിട്ടുണ്ടെന്നും എം. പി കുട്ടിച്ചേര്‍ത്തു. എം. പി അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. സജജീവ് മാറോളി, വി. എന്‍ ജയരാജ്, വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ. സി. ടി സജിത്ത് എന്നിവര്‍ സംസാരിച്ചു.