സൗദി അറേബ്യയിലെ ആദ്യത്തെ പഴം, പച്ചക്കറി ഫുഡ് ട്രക്ക് വിപണി ആരംഭിച്ചു

അസ്മജംഷീദ്

അല്‍-ഖോബാര്‍: പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്നതിനായി സൗദിയിലെ കിഴക്കന്‍ പ്രവിശ്യയായ അല്‍-ഖോബാറില്‍ പുതിയ ‘ഫുഡ് ട്രക്ക്” പദ്ദതി ആരംഭിച്ചതായി ഖോബാര്‍ മുനിസിപ്പാലിറ്റി മേധാവി എന്‍ജിനീയര്‍ സുല്‍ത്താന്‍ അല്‍ സൈദി അറിയിച്ചു.
കോവിഡ് -19 അണുബാധ തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളടെ ഭാഗമായി മാര്‍കറ്റുകളിലെ ഉപഭോക്താക്കളുടെ തിരക്ക് ഒഴിവാക്കുകയാണ് ഫുഡ്ട്രക് പദ്ദതി ലക്ഷ്യമിടുന്നത്.
വാഹനത്തില്‍ ഇരുന്നുകൊണ്ട്തന്നെ സുരക്ഷിതമായ ഷോപ്പിംഗ് നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം. സൗദി യുവാക്കള്‍ക്ക് ഉയര്‍ന്ന ശുചിത്വവും ആരോഗ്യ നിലവാരവും ഉള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ഈ സംരംഭം വഴി അവസരം നല്‍കും.

നൂതന ഗുണനിലവാരമുള്ള ഫുഡ്ട്രക്ക് മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചതായി മുനിസിപ്പാലിറ്റി മേധാവി എഞ്ചിനീയര്‍ സുല്‍താന്‍ അല്‍ സൈദി പറഞ്ഞു.

തെക്കന്‍ അല്‍-ഖോബറിലെ ‘ഇസ്‌കാന്‍ സ്‌ക്വയര്‍” പാര്‍ക്കിന്റെ പാര്‍ക്കിംഗിലാണ് 6,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ ഈ ഫുഡ്ട്രക്കുകള്‍ പാര്‍ക്ക് ചെയ്തിട്ടുള്ളത്. വിവിധ പഴങ്ങളുടെ പേരിലാണ് ഓരോ ട്രക്കുകള്‍ക്കും പേര് നല്‍കിയിരിക്കുന്നത്.

എയര്‍കണ്ടീഷന്‍ ചെയ്ത ക്യാബിനുകളില്‍ 12 സെയില്‍സ് പോയിന്റുകള്‍ ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ പ്രയോജനത്തിനായി ‘ഫുഡ് ട്രക്ക്” കോച്ചുകള്‍ സ്വന്തമാക്കിയ സൗദി യുവാക്കള്‍ക്ക് പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ ഗുണഭോക്താക്കളിലേക്കെത്തിക്കാന്‍ മുനിസിപ്പാലിറ്റി ഒരു നിക്ഷേപ അവസരം നല്‍കുന്നുണ്ട്. ഇനിമുതല്‍ സ്വദേശികള്‍ക്കും വിദേശികുള്‍ക്കും സ്വന്തം വാഹനങ്ങളില്‍ നിന്ന് ഇറങ്ങാതെത്തന്നെ അവശ്യസാധനങ്ങള്‍ വാങ്ങാവുന്നതാണ്.

മാര്‍ക്കറ്റിന്റെ പ്രവൃത്തി സമയങ്ങളില്‍ ദിവസവും രാവിലെ 8 മുതല്‍ വൈകുന്നേരം 7 വരെ ഈ പ്രദേശം വൃത്തിയാക്കാന്‍ 10 തൊഴിലാളികളെ നല്‍കുമെന്ന് അല്‍-സൈദി പറഞ്ഞു.
ഗവണ്‍മെന്റിന്റെ എല്ലാ നിബന്ധനകള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള സുരക്ഷാ സൂപ്പര്‍വൈസര്‍മാരും ആരോഗ്യ സൂപ്പര്‍വൈസര്‍മാര്‍ എല്ലായ്‌പ്പോഴും സ്ഥലത്ത് നിരീക്ഷകരായുണ്ടാകും.