റിയാദില്‍ നിന്നുള്ള കെ.എം.സി.സിയുടെ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെട്ടു

റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ നിന്നും കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നു. സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് 737 വിമാനമാണ് കുട്ടികളടക്കം 181 യാത്രക്കാരെയും വഹിച്ച് ഇന്ന് ?വെള്ളിയാഴ്ച) വൈകീട്ട് 6 മണിക്ക് റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് തിരിച്ചത്. നാളെ(ശനിയാഴ്ച) പുലര്‍ച്ചെ ഒന്നര മണിയോടെ വിമാനം കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചേരും.

175 മുതിര്‍ന്നവരും 6 കുട്ടികളുമാണ് റിയാദില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യാത്ര പുറപ്പെട്ടത്. ഇതില്‍ 82 പേര്‍ ഗര്‍ഭിണികളൂം പതിനെട്ടോളം രോഗികളും ഉള്‍പ്പെടും. പ്രായം ചെന്നവരും വിസ തീര്‍ന്നവരും ആദ്യ വിമാനത്തില്‍ ഇടം നേടിയിട്ടുണ്ട്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശാനുസരണം പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് യാത്രക്കാരെ അകത്തേക്ക് കയറ്റിയത്. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് ചാര്‍ട്ടേര്‍ഡ് വിമാന സര്‍വ്വീസ് ഒരുക്കിയത്. യാത്രക്കാരെല്ലാം ഉച്ചക്ക് ഒരു മണിയോടെ തന്നെ വിമാനത്താവളത്തിലെത്തി ചേര്‍ന്നു. വൈകീട്ട് അഞ്ച് മണിയോടെ മുഴുവന്‍ യാത്രക്കാരും എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്താവാളത്തിനകത്ത് കയറി. യാത്രക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ക്കായി റിയാദ് കെ.എം.സി.സി നേതാക്കളും വനിതാ കെ.എം.സി.സി പ്രവര്‍ത്തകരും അക്ബര്‍ ട്രാവല്‍സ് ജീവനക്കാരും രംഗത്തുണ്ടായിരുന്നു. മുഴുവന്‍ യാത്രക്കാര്‍ക്കും കെ.എം.സി.സി പതിവ് പോലെ പി.പി.ഇ കിറ്റ് വിതരണം ചെയ്തു. ഓരോ ടിക്കറ്റിനും 25 കിലോ സിംഗിള്‍ ബാഗേജും 7 കിലോ ഹാന്‍ഡ് ബാഗേജുമാണ് അനുവദിച്ചിരുന്നു.

നേരത്തെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും കെ.എം.സി.സി നടത്തിയ മുന്‍ ഗണനാ ലിസ്റ്റ് പ്രകാരമാണ് യാത്രക്കാരെ തെരഞ്ഞെടുത്തത്. അര്‍ഹതപ്പെട്ട നിരവധി പേര്‍ ഇനിയും യാത്രാ സൗകര്യവും പ്രതീക്ഷിച്ച് ഇവിടെ കഴിയുന്നുണ്ട്. അതിനാല്‍ അവരെയും നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി റിയാദില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചു കിട്ടാനുള്ള ശ്രമത്തിലാണ് റിയാദ് കെ.എം.സി.സിയെന്ന് പ്രസിഡണ്ട് സി. പി മുസ്തഫ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ ആശങ്കയും തൊഴില്‍ പരമായ പ്രതിസന്ധിയും തളര്‍ത്തിയവരെ നാട്ടിലെത്തിക്കുന്നതിന് വന്ദേ ഭാരത് മിഷന്‍ പ്രഖ്യാപിച്ച വിമാനങ്ങള്‍ പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് വേണ്ടി കെ.എം.സി.സി ശക്തമായ ശ്രമം തുടങ്ങിയത്. കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കുന്നതോടെ ആശങ്കയില്‍ കഴിയുന്ന കൂടുതല്‍ പേരെ നാട്ടിലെത്തിക്കാനാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട്, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി മുസ്തഫ, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സുബൈര്‍ അരിമ്പ്ര, മുജീബ് ഉപ്പട, കബീര്‍ വൈലത്തൂര്‍, നൗഷാദ് ചാക്കീരി, ഷാജി പരീത്, പി.സി മജീദ് മലപ്പുറം, സഫീര്‍ തിരൂര്‍, ഹുസൈന്‍ കൊപ്പം, അന്‍വര്‍ വാരം, ഫസലുറ”്മാന്‍ കരുവാരക്കുണ്ട്, മുഹമ്മദ് കണ്ടകൈ, ജാബിര്‍ വാഴമ്പ്രം, അബ്ദുല്‍ മജീദ് പരപ്പനങ്ങാടി, മുനീര്‍ മക്കാനി, വനിതാ വിംഗ് ഭാരവാഹികളായ ജസീല മൂസ, ഫസ്‌ന ഷാഹിദ്, ഷഹര്‍ബാന്‍ മുനീര്‍, ഹസ്ബിന നാസര്‍, ഖമറുന്നീസ മുഹമ്മദ്, നുസൈബ മാമു എന്നിവരും അക്ബര്‍ ട്രാവല്‍സ് റീജ്യണല്‍ മാനേജര്‍ യൂനുസ് പടുങ്ങലും വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സഹായവുമായി രംഗത്തുണ്ടായിരുന്നു.