രോഗികളായ രണ്ട് യാത്രക്കാര്‍ക്ക് കെ.എം.സി.സി ടിക്കറ്റ് നല്‍കി

അഫ്ഷിന്‍

റിയാദ്: അടിയന്തിരമായി നാട്ടിലെത്തേണ്ട രണ്ട് പേര്‍ക്ക് റിയാദ് കെ.എം.സി.സി ബേപ്പൂര്‍ മണ്ഡലം കമ്മിറ്റി യാത്രാ ടിക്കറ്റ് നല്‍കി. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ കോവിഡ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഇരുവര്‍ക്കും ടിക്കറ്റ് നല്‍കിയത്. അസുഖങ്ങള്‍ മൂലം പ്രയാസപ്പെട്ടിരുന്ന ഇരുവരും അടിയന്തിരമായി ചികിത്സ ആവശ്യമുള്ളവരായിരുന്നു. ഇതിലൊരാള്‍ അര്‍ബുദം ബാധിതനും മറ്റൊരാള്‍ അപകടത്തില്‍ പൊള്ളലേറ്റ് ബുദ്ധിമുട്ടിലുമായിരുന്നു.

ഇരുവരുടെയും പ്രയാസങ്ങള്‍ മനസ്സിലാക്കിയ കെ.എം.സി.സി എംബസിയില്‍ രജിസ്‌ട്രേഷന്‍ നടത്തുകയും മുന്‍ഗണനാ പട്ടികയില്‍ ഇടംലഭിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. ഇതെ തുടര്‍ന്ന്‌റിയാദില്‍ നിന്നും തിരുവന്തപുരത്തേക്കുള്ള വിമാനത്തില്‍ ഇരുവര്‍ക്കും അവസരം ലഭിക്കുകയും കെ.എം.സി.സി രണ്ട് പേരുടെയും ടിക്കറ്റ് ചെലവ് വഹിക്കുകയും ചെയ്തു.

കോഴിക്കോട് ജില്ലക്കാരനായ പ്രവാസി സംരംഭകനാണ് ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്തത്.
അസുഖങ്ങള്‍ മൂലം വളരെ പ്രയാസപ്പെട്ട് കഴിയുന്നതിനിടയിലാണ് കോവിഡ് വൈറസിന്റെ ആശങ്കയുമെത്തുന്നത്. നാട്ടില്‍ പോകാനുള്ള ഇവരുടെ ആഗ്രഹം അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നിര്‍ത്തിയതോടെ അനിശ്ചിതത്വത്തിലുമായി. ഒടുവില്‍ നാട്ടിലേക്ക് തിരിക്കാനായതില്‍ കോഴിക്കോട് ജില്ലക്കാരായ ഇരുവരും സന്തോഷം പ്രകടിപ്പിച്ചു. ബേപ്പൂര്‍ മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് മനാഫ് മണ്ണൂര്‍, ജനറല്‍ സെക്രട്ടറി കുഞ്ഞോയി കോടമ്പുഴ, വെല്‍ ഫെയര്‍ വിംഗ് ചെയര്‍മാന്‍ ഹസ്സനലി കടലുണ്ടി എന്നിവര്‍ ടിക്കറ്റ് കൈമാറി.