കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതല്‍; ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പരിഗണനയില്‍

രാഗില്‍ മണ്ടോടി

തിരുവനന്തപുരം: കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പര്‍ക്കത്തിലൂടെ സംസ്ഥാനത്ത് പത്ത് ശതമാനം പേര്‍ക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചതെങ്കില്‍ കണ്ണൂരില്‍ 20 ശതമാനമാണ് രോഗബാധ. 93 പേര്‍ ചികിത്സയിലുള്ളതില്‍ 19 പേര്‍ക്ക് സംമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കണ്ണൂരില്‍ ഇന്ന് 7 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 6 പേര്‍ ഗള്‍ഫില്‍ നിന്നെത്തിയവരാണ്. ഒരാള്‍ മുംബൈയില്‍ നിന്നും. ഇന്ന് കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഇല്ല.

രോഗ വ്യാപനം തടയാനായി കൂടുതല്‍ കര്‍ശനമായ നിലപാടിലേക്ക് പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. രോഗവ്യാപന സ്ഥലങ്ങളില്‍ അതിനനുസരിച്ച് നിയന്ത്രണം ഉണ്ടാകുമെന്നും രോഗ വ്യാപനം അധികമാകുന്ന സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അടക്കം ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.