തലശ്ശേരി സി.എച്ച് സെന്റെിന് പെന്‍ഷന്‍ വിഹിതം സംഭാവനയായി നല്‍കി

രാഗില്‍ മണ്ടോടി

ചമ്പാട് (തലശ്ശേരി): ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തലശ്ശേരി സി.എച്ച് സെന്റെിന് ചമ്പാട്ടെ മുസ്‌ലിം ലീഗ് നേതാവും മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി നാലകത്ത് സൂപ്പിയുടെ പേഴ്‌സണ്‍ സ്റ്റാഫ് അംഗവുമായിരുന്ന ജാഫര്‍ ചമ്പാട് തന്റെ പെന്‍ഷന്‍ വിഹിതം സംഭാവനയായി നല്‍കി. സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എ ലത്തീഫ് തുക ഏറ്റുവാങ്ങി.

ജാതി മത ഭേദമന്യേ ജീവകാരുണ്യ മേഖലയില്‍ സജീവമായ സി എച്ച് സെന്റര്‍ വര്‍ഷങ്ങളായി റമസാന്‍ നാളില്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കുട്ടിരിപ്പുകാര്‍ക്കും മറ്റു ആശുപത്രിയിലെ രോഗികള്‍ക്കും നോമ്പ് തുറയും അത്താഴവും നല്‍കി വരുന്നു.തലശ്ശേരി നിട്ടൂരിലെ സ്വാന്തന കേന്ദ്രവും ആരോരുമില്ലാത്തവരുടെ അഭയ കേന്ദ്രമായി മാറുകയാണ്. ഇതിനു പുറമെ സി എച്ച് സെന്റര്‍ സ്ഥാപക ചെയര്‍മാനായിരുന്ന മര്‍ഹും പി.എ റഹ്‌മാന്റെ പേരില്‍ ന്യൂ മാഹിയില്‍ പടുത്തുയര്‍ത്തുന്ന പി.എ റഹ്‌മാന്‍ മേഴ്‌സി വില്ലേജ് ആരോഗ്യ-ജീവകാരുണ്യ മേഖലയില്‍ ലോകത്തിന് തന്നെ മാതൃകയാവുകയാണ്.

ഇവയുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണ വേളയിലാണ് സെന്റര്‍ ഭരണ സമിതി അംഗം കൂടിയായ ജാഫര്‍ ചമ്പാട് തന്റെ ഒരു വിഹിതം നല്‍കി പൊതുപ്രവര്‍ത്തനത്തിന് മാതൃകയായത്.