എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചിച്ചു

ജിദ്ദ: പ്രമുഖ പാർലിമെന്റേറിയനും സോഷ്യലിസ്റ്റ് നേതാവും മുൻ മന്ത്രിയുമായ എം.പി. വീരേന്ദ്രകുമാറിന്റെ ദേഹവിയോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുള്ള വീരേന്ദ്രകുമാർ സോഷ്യലിസ്റ്റ് പ്രസ്ഥാനം വിവിധ ദശാസന്ധികളിലൂടെ കടന്ന് പോയപ്പോഴും ആദർശത്തിലൂന്നി നേതൃത്വം വഹിക്കാൻ ആർജ്ജവം കാണിച്ച വ്യക്തിത്വമായിരുന്നുവെന്നു സോഷ്യൽ ഫോറം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

എന്നും ഫാഷിസ്റ്റ് വിരുദ്ധ നിലപാടെടുത്ത നേതാവായിരുന്ന വീരേന്ദ്ര കുമാർ, ഇന്ത്യയിലെ അധ:സ്ഥിത വിഭാഗങ്ങൾക്കെതിരെ സംഘപരിവാർ ശക്തികൾ നടത്തിയ അക്രമങ്ങൾക്കെതിരെ രാഷ്ട്രീയ – സാംസ്കാരിക രംഗങ്ങളിൽ നടത്തിയ പ്രഭാഷണങ്ങളും പത്ര മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളും തന്റെ നിലപാട് വ്യക്ത മാക്കുന്നതായിരുന്നു.

ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് വിഘാതമാവുന്ന നയങ്ങൾക്കെതിരെ നിരന്തരം ശബ്ദമുയർത്തിയ നേതാവാണ് വീരേന്ദ്രകുമാർ. ആഗോളവൽക്കരണത്തിനെതിരെയും ഉദാരവൽക്കരണത്തിനെതിരെയും ലോക്സഭയിലും നിയമസഭയിലും ശക്തമായ നിലപാടെടുത്ത കർമ്മയോഗിയുടെ വിയോഗം രാഷ്ട്രീയ-സാംസ്‌കാരിക കേരളത്തിന് തീരാ നഷ്ടമാണ്.

ഓൺലൈൻ അനുശോചന യോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അഷ്‌റഫ് മൊറയൂർ, ജനറൽ സെക്രട്ടറി ഇ. എം. അബ്ദുല്ല, അബ്ദുൽഗനി മലപ്പുറം, അലികോയ ചാലിയം, കോയിസ്സൻ ബീരാൻ കുട്ടി, ഹനീഫ കിഴിശ്ശേരി, ഹംസ കരുളായി, ഷാഹുൽ ഹമീദ് മേടപ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.