വിശുദ്ദ മക്കയിൽ രണ്ട് ഘട്ടങ്ങളായി കര്‍ഫ്യൂവില്‍ ഇളവ്

അസ്മജംഷീദ്
മക്ക: 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്ന വിശുദ്ദ മക്കയില്‍ കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചു. ഈ മാസം 31 ഞായറാഴ്ച മുതല്‍ രണ്ട് ഘട്ടമായുള്ള ഇളവിന്റെ ഒന്നാംഘട്ടം ആരംഭിക്കും. രാവിലെ 6 മണി മുതല്‍ വൈകീട്ട് 3 മണിവരെ മക്കയിലെ ജനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ പുറത്തിറങ്ങാവുന്നതാണ്.
ഇതുവരെയുള്ള നിബന്ധനകള്‍ പാലിച്ചു കൊണ്ട് ഹറമില്‍ അഞ്ചു നേരവും നമസ്‌കാരം തുടരും. അതുപോലെ നിലവില്‍ ഐസൊലേറ്റ് ചെയ്ത മേഖലകളില്‍ നിബന്ധനകള്‍ തുടരും. ജൂണ്‍ 20 വരെയാണ് ഒന്നാം ഘട്ടം.
ജൂണ്‍ 21ന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി കൂടുതല്‍ ഇളവുകള്‍ അനുവദിച്ചുനല്‍കും. ഈ ഘട്ടത്തില്‍ കര്‍ഫ്യു ഇളവ് സമയം രാവിലെ ആറ് മുതല്‍ വൈകിട്ട് എട്ട് വരെ ദീര്‍ഘിപ്പിക്കും. പള്ളികളില്‍ നമസ്‌കാരത്തിനും പ്രാര്‍ത്ഥനകള്‍ക്കും അനുമതിയുണ്ടാകും. മസ്ജിദുല്‍ ഹറാമിലെ നമസ്‌കാരവും പ്രാര്‍ഥനയും നിലവിലെ രീതിയില്‍തന്നെ തുടരും.
റെസ്‌റ്റോറന്റുകള്‍, ബൂഫിയകള്‍(ചായകട) എന്നിവ അടക്കമുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. വിവാഹ പാര്‍ട്ടികളിലും മറ്റും 50 ലധികം ആളുകള്‍ ഒത്തുചേരാന്‍ അനുമതിയില്ല. അതോടൊപ്പം തന്നെ ബാര്‍ബര്‍ ഷോപ്പുകള്‍, വിനോദ കേന്ദ്രങ്ങള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍ എന്നിവയും പ്രവര്‍ത്തിക്കാനാവില്ല. പൂര്‍ണമായും അടച്ചിട്ട പ്രദേശങ്ങളില്‍ കരുതല്‍ നടപടികള്‍ തുടരുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.






