ക്വാറന്റൈൻ: കെ.എം.സി.സി മുന്നോട്ട് വരും

അഫ്ഷന്‍
റിയാദ്: പ്രതീക്ഷയറ്റ് നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈൻ സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ കെ.എം.സി.സി മുന്നോട്ട് വരുമെന്നും റിയാദില്‍ നിന്നും തിരിക്കുന്ന മുഴുവന്‍ പ്രവാസികള്‍ക്കും ക്വാറന്റൈൻ സൗകര്യമൊരുക്കാന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി തയ്യാറാണെന്നും കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഈയൊരു പ്രസ്താവനയിലൂടെ മുഖ്യമന്ത്രി പ്രവാസി സമൂഹത്തെ വഞ്ചിച്ചിരിക്കുകയാണ്. ജോലിയും വരുമാനവുമില്ലാതെ മാസങ്ങളായി ഭക്ഷണത്തിന് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്ന, രോഗ ഭീതിയുടെ നിഴലില്‍ കഴിഞ്ഞിരുന്ന ഒരു സമൂഹമാണ് തിരിച്ചെത്തുന്നത്. പലരും ടിക്കറ്റെടുക്കാന്‍ പോലും പണമില്ലാതെ പ്രയാസപ്പെടുന്നവരാണ്. പ്രവാസികളെ സ്വീകരിക്കാന്‍ കേരളം ഒരുക്കമാണെന്ന് നാഴികക്ക് നാല്‍പത്‌വട്ടം ആണയിട്ടവര്‍, തിരിച്ചു വരവ് തുടങ്ങിയതോടെ കച്ചവടക്കണ്ണോടെ പ്രവാസികളെ പിഴിയാന്‍ രംഗത്ത് വന്നത് പ്രവാസികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. പണക്കാര്‍ മാത്രമല്ല, പാവപ്പെട്ടവനും ക്വാറന്റൈൻ സൗകര്യത്തിന് പണം കൊടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രവാസി സ്‌നേഹത്തിന്റെ കാപഠ്യമാണ് ഇവിടെ വെളിച്ചത്ത് വന്നിരിക്കുന്നത്.
കേരളത്തിന്റെ നട്ടെല്ലായ പ്രവാസികള്‍ അവരുടെ നട്ടെല്ലൊടിഞ്ഞത്മൂലമാണ് നാട്ടിലേക്ക് തിരിച്ചെത്തുന്നത്. ലക്ഷണക്കണക്കിന് പ്രവാസികളില്‍ ഒരു ന്യൂനപക്ഷം മാത്രമാണ് ഈ സമയത്ത് പിടിച്ചുനില്‍ക്കാനാവതെ വരുന്നത്. ഇവരോടാണ് യാതൊരു ദാക്ഷീണ്യവുമില്ലാതെ കേരള മുഖ്യമന്ത്രി ഇത്രയും ക്രൂരമായി പ്രതികരിച്ചിരിക്കുന്നത്. നാട്ടില്‍ ദുരന്തങ്ങള്‍ വന്നപ്പോള്‍ മന്ത്രിപടയെയും നയിച്ച് പ്രവാസികളെ തേടിയെത്തിയ പിണറായി, രാപ്പകലന്യേ വിയര്‍പ്പൊഴുക്കുന്ന സാധാരണക്കാരനായ പ്രവാസിയുടെ ജീവിതം മനസ്സിലാക്കിയിട്ടില്ല. കേരളത്തിന് തീരാകളങ്കമായി മാറിയ ഈ പ്രസ്താവന പിന്‍വലിച്ച് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് മതിയായ സൗകര്യങ്ങളോടെ ക്വാറന്‍ൈറന്‍ ചെയ്യാനുള്ള സൗകര്യമൊരുക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.






