മെഡിക്കല്‍ ഷോപ്പുകള്‍ പൊടുന്നനെ പൂട്ടിച്ചത് ജനത്തെ വലച്ചു

തലശ്ശേരി: തലശ്ശേരി പഴയ ബസ്റ്റാന്റ് പരിസരത്തെ മെഡിക്കല്‍ ഷോപ്പുകളുള്‍പ്പെടെ പൊലീസ് പൊടുന്നനെ എത്തി പൂട്ടിച്ചത് പൊതു ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിച്ചു. ഇന്നലെ കാലത്താണ് തുറന്ന് വെച്ച മെഡിക്കല്‍ ഷോപ്പുകള്‍ മുന്നറിയിപ്പില്ലാതെ എത്തി പൂട്ടിച്ചത്

എസ്.എസ്.എല്‍.സി-പ്‌ളസ്ടു പരീക്ഷാ കേന്ദ്രത്തിന് സമീപം 144 വകുപ്പ് പ്രകാരം പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് മെഡിക്കല്‍ ഷോപ്പുകള്‍പ്പെടെയുള്ളവക്ക് ബാധകമാണെന്ന് പറഞ്ഞാണ് പൊലീസ് അടപ്പിച്ചത്. ഈ സമയം നിരവധിയാളുകള്‍ മരുന്നുകള്‍ വാങ്ങാന്‍ കടകളിലുണ്ടായിരുന്നെങ്കിലും പൊലീസ് നിര്‍ബന്ധപൂര്‍വ്വം കടകള്‍ അടപ്പിക്കുകയായിരുന്നു

പാര്‍സല്‍ നല്‍കി വരുന്ന ഹോട്ടലുകള്‍ക്കും പൊലീസ് നടപടി മൂലം നഷ്ടം വരുത്തി. കാലത്ത് പാചകം ചെയ്ത് വെച്ച ഭക്ഷണങ്ങള്‍ നല്‍കാന്‍ പറ്റാതെ നശിപ്പിക്കുകയായിരുന്നു. മത്സ്യ മാര്‍ക്കറ്റും പൊലീസ് അടപ്പിച്ചിരുന്നു. തലശ്ശേരി പഴയ ബസ്റ്റാന്റ് പരിസരത്തെ ജൂബിലി ഷോപ്പിംഗ് കോംപ്‌ളക്‌സിലെ പലചരക്ക് കടകളാണ് ആദ്യം അടപ്പിച്ചത്. പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.