സൗദി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു

റിയാദ്: കൊറോണ പാബെമിക് പശ്ചാത്തലത്തില്‍ ഒട്ടാകെ മാറ്റിമറിച്ച ജീവിത രീതി മാസങ്ങള്‍ക്ക് ശേഷം സാധാരണ നിലയിലേക്ക് ക്രമേണ തിരിച്ചെത്തുന്നു. സാമൂഹ്യ അകലം പാലിച്ചും ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചും കൊറോണയോടൊപ്പം സമരസപ്പെട്ടു ജീവിക്കുന്ന ശൈലിയിലേക്ക് ജനങ്ങളുടെ ജീവിത ക്രമം മാറുകയാണ്.

നിലവില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യു നിയമങ്ങളില്‍ ഭാഗികമായി ഇളവ് വരുത്തിയും ചില സംരഭങ്ങള്‍ക്ക് പ്രവൃത്തിക്കുവാനുള്ള അനുമതി നല്‍കിയും കഴിഞ്ഞ ദിവസം സൗദി മന്ത്രിസഭ ഏതാനും തീരുമാനങ്ങള്‍ കൈകൊണ്ടു.

മെയ് 28 വ്യാഴാഴ്ച മുതല്‍ മെയ് 30 ശനിയാഴ്ച വരെ മക്ക നഗരങ്ങളില്‍ ഒഴിച്ച് രാവിലെ ആറുമുതല്‍ വൈകുന്നേരം മൂന്ന് മണിവരെ കര്‍ഫ്യുവില്‍ ഇളവ് പ്രഖ്യാപിച്ചു. ഈ സമയങ്ങളില്‍ രാജ്യത്തെ വിവിധ നഗരങ്ങള്‍ക്കിടയിലും പ്രവിശ്യകള്‍ക്കിടയിലും യാത്രചെയ്യാവുന്നതാണ്.

കര്‍ഫ്യു സമയങ്ങളില്‍ പ്രവൃത്തിക്കുന്നതിന് ഇളവ് നല്‍കിയിരുന്ന ചില്ലറ കച്ചവട ഷോപ്പുകള്‍ക്കും വലിയ ഷോപ്പിംഗ് മാളുകള്‍ക്കും പ്രവര്‍ത്തിക്കാം.

എന്നാല്‍, സാമൂഹ്യ അകലം പാലിക്കുവാന്‍ കഴിയാത്ത ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യുട്ടി പാര്‍ലറുകള്‍, ഹെല്‍ത്ത് സ്‌പോര്‍ട്‌സ് ക്ലബുകള്‍, വിനോദ കേന്ദ്രങ്ങള്‍, സിനിമ തിയേറ്ററുകള്‍ എന്നിവ പ്രവര്‍ത്തിക്കുവാന്‍ പാടില്ല.

2020 മെയ് 31 ഞായര്‍ മുതല്‍ ജൂണ്‍ 20 ശനിയാഴ്ച വരെ മക്കയില്‍ അല്ലാത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാവിലെ ആറുമണി മുതല്‍ വൈകുന്നേരം എട്ടുമണിവരെ പുറത്തിറങ്ങുവാനുള്ള അനുവാദം ഉണ്ടായിരിക്കും. ഇതിന് പുറമെ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്ന എല്ലാ കച്ചവട സംരംഭങ്ങള്‍ക്കും പ്രവര്‍ത്തിക്കുവാനുള്ള അനുവാദവുമുണ്ട്.

ഈ കാലയളവില്‍ കര്‍ശന ആരോഗ്യ മുന്‍കരുതല്‍ സ്വീകരിക്കുന്നതോടൊപ്പം  പള്ളികളില്‍ വെച്ച് ജുമുഅയും ജമാഅത്തും നിര്‍വ്വഹിക്കുവാനും അനുമതിയുണ്ട്. സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ അതോറിറ്റികള്‍ അനുബന്ധ ഓഫീസുകള്‍, സ്വകാര്യ മേഖല സംരഭങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ടത്തോടെ ആഭ്യന്തര വ്യോമ സര്‍വ്വീസ് പുനരാരംഭിക്കും, വിവിധ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മാര്‍ഗങ്ങള്‍് ഉപയോഗിച്ച് യാത്രാ ചെയ്യുന്നതിനുള്ള വിലക്കുകള്‍ നീക്കും.

കൂടാതെ ഹോട്ടലുകളിലും കഫേകളിലും ഭക്ഷണം പാര്‍സലായും അല്ലാതെയും വിതരണം ചെയ്യുവാനും അനുമതിയുണ്ടാവും. എന്നാല്‍, സാമൂഹ്യ അകലം പാലിക്കുവാന്‍ കഴിയാത്ത ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യുട്ടി പാര്‍ലറുകള്‍, ഹെല്‍ത്ത് സ്‌പോര്‍ട്‌സ് ക്ലബുകള്‍, വിനോദ കേന്ദ്രങ്ങള്‍, സിനിമ തിയേറ്ററുകള്‍ എന്നിവ പ്രവര്‍ത്തിക്കുവാന്‍ പാടില്ല.

കൂടാതെ എല്ലാ സമയങ്ങളിലും ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് തടയും 50 വ്യക്തികളേക്കാള്‍ കൂടുതല്‍ ആളുകള്‍ സംഗമിക്കുന്ന വിവാഹം പോലെയുള്ള ചടങ്ങുകള്‍ക്ക് അനുമതി നല്‍കില്ല.

ജൂണ്‍ 20 ശനിയാഴ്ച മുതല്‍ വിശുദ്ധ മക്കയല്ലാത്ത എല്ലാ ഭാഗങ്ങളിലും കര്‍ശന ആരോഗ്യ മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് തന്നെ ജനങ്ങള്‍ അവരുടെ സാധാരണ ജീവിത രീതിയിലേക്ക് തന്നെ മടങ്ങും.