ഇന്ത്യന്‍ ഫുഡ് കമ്പനിയുടെ ഓഹരികള്‍ വാങ്ങി സൗദി കാര്‍ഷിക നിക്ഷേപ കമ്പനി

ജിദ്ദ: ഇന്ത്യയിലെ ബസുമതി അരി ഉദ്പാദന മേഖലയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ദാവത്ത് ഫുഡ് ലിമിറ്റഡ് കമ്പനിയുടെ 29.91 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയതായി സൗദി കാര്‍ഷിക നിക്ഷേപ കമ്പനി (സാലിക്) വ്യക്തമാക്കി.

സാലിക്കിന്റെ പ്രധാന ചരക്കുകളിലൊന്നായ അരിയുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും കരുത്തുറ്റതാക്കുന്നതിനും അരിയില്‍ നിക്ഷേപം നടത്തുകയെന്ന കമ്പനിയുടെ താല്പര്യം ഇതോടെ സാക്ഷാത്കരിച്ചിരിക്കുന്നുവെന്നും സാലിക് വ്യക്തമാക്കി.

ഇന്ത്യയിലെ എല്‍ ടി ഫുഡ് കമ്പനിയുടെ ഉല്പാദനങ്ങള്‍ ഇറക്കുമതിചെയ്യുന്ന പ്രധാന കമ്പനിയാണ് ദാവത് ഫുഡ് ലിമിറ്റഡ് കമ്പനി. കൂടാതെ എല്‍ ടി ഗ്രൂപ്പിന്റെ ഉല്പാദനങ്ങളുടെ 22 ശതമാനവും വിതരണം ചെയ്യുന്നതും ദാവത്ത് കമ്പനി തന്നെയാണ്.

വിദേശ മാര്‍ക്കറ്റുകള്‍ക്ക് ആവശ്യമായ അരി സപ്പ്‌ലൈ ചെയ്യുക വഴി കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ 20 ശതമാനം അധിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുണ്ട്. ദാവത് ഫുഡ് ലിമിറ്റഡ് കമ്പനി 80 വര്‍ഷത്തോളം 80 ല്‍ പരം രാജ്യങ്ങളിലേക്ക് മേത്തരം അരി കയറ്റുമതി ചെയ്തുവരുന്നു. 2019 വര്‍ഷത്തില്‍ 550 മില്യണ്‍ ഡോളറിന്റെ അറ്റാദായം കമ്പനിക്കുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയിലും അമേരിക്കയിലും ‘ദാവത്ത്”, ‘റോയല്‍” തുടങ്ങിയ ട്രേഡ് മാര്‍ക്കുകളില്‍ അറിയപ്പെടുന്ന കമ്പനിയുടെ ഉത്പന്നങ്ങള്‍ വിപണന മാര്‍ക്കറ്റുകളില്‍ ‘ദാവത്ത്”  29 ശതമാനവും, ‘റോയല്‍” 45 ശതമാനവും ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. ഈ കമ്പനിയുടെ 29,91 ശതമാനം ഓഹരിയാണ് സൗദി കാര്‍ഷിക നിക്ഷേപ കമ്പനി ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.