സൗദി തുറമുഖങ്ങളും വിമാനത്താവളങ്ങളും തമ്മില്‍ കോര്‍ത്തിണക്കുന്ന പദ്ദതിക്ക് തുടക്കം

അസ്മ ജംഷീദ്

റിയാദ്: സൗദിയിലെ തുറമുഖങ്ങളെയും വിമാനത്താവളങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ വാണിജ്യ പദ്ദതി ആരംഭിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ സൗദി തുറമുഖ വിഭാഗമാണ് പുതിയ വാണിജ്യ പദ്ദതിക്ക് തുടക്കമിട്ടിട്ടുള്ളത്.

അതോടൊപ്പം സൗദിയും ആഗോള ലോജിസ്റ്റിക് കേന്ദ്രവും, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ മൂന്ന് ഭൂഖണ്ഡങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ലിങ്ക് ഹബും തുടങ്ങിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സുചിപ്പിച്ചു.

പദ്ദതിയുടെ ഭാഗമായി സൗദിയിലെ ആദ്യത്തെ ഏറ്റവും വലിയ കയറ്റുമതികമ്പനിയായ ലോജിപോയിന്റ് കമ്പനി തുറമുഖത്തുനിന്നും ഒരു കാര്‍ഗോ സ്വീകരിക്കുകയും കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി ലക്ഷ്യസ്ഥാനമായ നെതര്‍ലാന്‍ഡിലേക് അത് വീണ്ടും തിരിച്ചയച്ചുകൊടുത്തുകൊണ്ട് ആദ്യ പരീക്ഷണം വിജയകരമായി നടത്തുകയും ചെയ്തു. അതോടൊപ്പം തന്നെ ജനറല്‍ കസ്റ്റംസ് അതോറിറ്റിയുടെ സഹകരണത്തോടെ കിംഗ് അബ്ദുല്‍ അസീസ് തുറമുഖത്ത് നിന്ന് കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കണ്ടെയ്‌നറുകള്‍ കടത്തിവിടുന്ന ആദ്യ സംരംഭത്തിനും തുടക്കം കുറിക്കുകയും ചെയ്തു.

ഷിപ്പിംഗ് ചെലവ് കുറയ്ക്കുക, വേഗത്തില്‍ വിതരണം ചെയ്യുക, രാജ്യത്ത് മത്സരശേഷി വര്‍ദ്ധിപ്പിക്കുക എന്നിവയാണ് പ്രാരംഭ ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്

ഇത് ഭാവിയില്‍ ജിദ്ദ, ദമ്മാം നഗരങ്ങളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സാധനങ്ങള്‍ കയറ്റി അയയ്ക്കുന്നതിനുള്ള ഒരു സുപ്രധാന കേന്ദ്രമാക്കി മാറ്റുമെന്ന് തുറമുഖ അതോറിറ്റി വിശദീകരിച്ചു.