കലി തുള്ളി തിമര്‍ക്കുന്ന കാലവര്‍ഷം പെയ്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി, മൂന്നാം ഗേററിലെ അടിപ്പാത ഉറക്കം കെടുത്തുന്നു

തലശ്ശേരി: തലശ്ശേരി – ഷൊര്‍ണൂര്‍ – മൂഗലാപുരം ഇരട്ടപ്പാതയില്‍ തലശ്ശേരിക്കും മാഹിക്കുമിടയിലെ മൂന്നാം റെയില്‍വെ ഗേററില്‍ പണിയുന്ന അടിപ്പാത നിര്‍മ്മാണം മാസങ്ങള്‍ ആറ് പിന്നിട്ടിട്ടും പാതിവഴി കടന്നില്ല. കലി തുള്ളി തിമര്‍ക്കുന്ന കാലവര്‍ഷം പെയ്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രമാണുള്ളത്. അപ്പോഴുണ്ടാവുന്ന അവസ്ഥ അചിന്ത്യമാണ്.

ഈയ്യിടെ പെയ്ത വേനല്‍ മഴയില്‍ തന്നെ നിര്‍മ്മാണ സ്ഥലത്ത് വെള്ളം കെട്ടി നിന്നിരുന്നു. ഇപ്പോഴും ഇവിടെ വെള്ളക്കെട്ടുണ്ട്. പശിമയുള്ള മണ്ണായതിനാല്‍ നേരത്തെ തൊട്ടടുത്ത റെയില്‍വെ ട്രാക്കില്‍ മണ്ണിടിച്ചലുണ്ടായി. മൂന്ന് മാസം മുന്‍പായിരുന്നു മണ്ണിടിഞ്ഞത്. അന്നും തൊട്ടടുത്ത ദിവസങ്ങളിലും വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയാണ് ഇത് വഴി തീവണ്ടികള്‍ കടത്തിവിട്ടത്. ഇപ്പോള്‍ മണല്‍ചാക്കുകള്‍ അടുക്കിയിട്ട് താല്‍ക്കാലികമായി ബലപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ മഴ കനത്താല്‍ ഈ സംവിധാനവും അവതാളത്തിലാവും. കഴിഞ്ഞ ഡിസംബര്‍ ആദ്യവാരത്തിലാണ് അടിപ്പാത നിര്‍മ്മാണം ആരംഭിച്ചത്. തിരുവങ്ങാട് ഭാഗത്തെ മണ്ണ് നീക്കലാണ് തുടക്കത്തില്‍ നടത്തിയത്. ഇതിന് പിന്നാലെ കോണ്‍ക്രീറ്റിംഗും നടത്തി. ഇടയില്‍ ലോക് ഡൗണ്‍ വഴി മുടക്കിയതോടെ നിര്‍മ്മാണ പ്രവൃത്തികള്‍ തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം മുതല്‍ പ്രവൃത്തികള്‍ പുനരാരംഭിച്ചിട്ടുണ്ട്. എങ്കിലും വേഗത പോര. ഇതിനിടെ ഇവിടെ അടിപ്പാത നിര്‍മ്മിച്ചാല്‍ സമീപമുള്ള വീടുകളില്‍ വെള്ളം കയറുമെന്ന ആശങ്കയുമുണ്ട്. എന്നാല്‍ അത്തരം പ്രശ്‌നങ്ങളുണ്ടാവില്ലെന്ന് റെയില്‍വെ അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഈ വര്‍ഷം കൂടുതല്‍ മഴ പെയ്യുമെന്ന കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനവും പ്രസ്തുത കാലവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളതും ഒരേ സമയം ദേശവാസികളുടെയും റെയില്‍വെ നിര്‍മ്മാണ വിഭാഗത്തിന്റെയും ഉറക്കം കെടുത്തിത്തുടങ്ങിയിട്ടുണ്ട്.