ഞായറാഴ്ച പെരുന്നാളാകുവാന്‍  സാധ്യതയെന്ന് സൗദിയിലെ ജ്യോതിശാസ്ത്രജ്ഞര്‍

റിയാദ്: റമദാന്‍ 29 ആയ മെയ് 22 വെള്ളിയാഴ്ച വൈകുന്നേരം ശവ്വാല്‍ ചന്ദ്രക്കല കാണാനുള്ള സാധ്യതയില്ലെന്ന് സൗദിയിലെ ജ്യോതിശാസ്ത്രജ്ഞര്‍ കണക്കുകൂട്ടി പറയുന്നു.

വെള്ളിയാഴ്ച സൂര്യന് മുമ്പായി ചന്ദ്രന്‍ അസ്തമിക്കുമെന്നും അതിനാല്‍ 30 ദിവസത്തെ വ്രതം പൂര്‍ത്തിയാക്കിയ ശേഷം ഈദ് അല്‍-ഫിത്തര്‍ മെയ് 24 ഞായറാഴ്ച ആയിരിക്കുമെന്നാണ് റിയാദിനടുത്തുള്ള മജ്മ സര്‍വകലാശാലയിലെ നിരീക്ഷണാലയത്തിലെ ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നത്.

ജ്യോതിശാസ്ത്ര നിരീക്ഷകന്ദ്രത്തിലെ നിരീക്ഷണ വൃത്തങ്ങള്‍ പറയുന്നത് പ്രകാരം ശാസ്ത്രീയ കണക്കുകൂട്ടലുകള്‍ പ്രകാരം റമദാന്‍ 29 ആയ വെള്ളിയാഴ്ച വൈകുന്നേരം 6:39 ന് 293 ഡിഗ്രിയില്‍ സൂര്യന്‍ അസ്തമിക്കും. ചന്ദ്രന്‍ വൈകുന്നേരം 6:26 നും അസ്തമിക്കും. സൂര്യാസ്തമയത്തിന് 13 മിനിറ്റ് മുമ്പ് ചന്ദ്രന്റെ അസ്തമയം സംഭവിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. അതുകൊണ്ട്തന്നെ വെള്ളിയാഴ്ച മാസപ്പിറവി ദൃശ്യമാകുവാന്‍ സാധയതയില്ലെന്നാണ് ജ്യോതിശാസ്ത്ര കണക്കുകൂട്ടല്‍.

റമദാന്‍ 30 ആയ ശനിയാഴ്ച അതായത് മെയ് 23 ന് വൈകുന്നേരം 6:40 ന് 239 ഡിഗ്രിയില്‍ സൂര്യന്‍ അസ്തമിക്കും. ചന്ദ്രക്കല 293 ഡിഗ്രിയില്‍ 7:23 ന് അസ്തമിക്കും, അതായത് സൂര്യാസ്തമയത്തിനുശേഷം 43 മിനിറ്റ് ചന്ദ്രക്കല 8.84 ഉയരത്തിലും 10.60 നീളത്തിലും തുടരും എന്ന് നിരീക്ഷണ കേന്ദ്രം പറഞ്ഞു.

അതേസമയം, സൂര്യസ്തമയത്തിന് 10 മിനുട്ട് മുമ്പ് ചന്ദ്രക്കല വെള്ളിയാഴ്ച മക്കയില്‍ അസ്തമിക്കുമെന്നതിനാല്‍ ശനിയാഴ്ച റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കിയ ശേഷം ഈദ് ദിനം  ഞായറാഴ്ച ആയിരിക്കുമന്ന് അല്‍-കാസിം സര്‍വകലാശാലിലെ ഭൂമിശാസ്ത്ര, കാലാവസ്ഥാ വകുപ്പ്  പ്രൊഫസറും സമിതി തലവനുമായ ഡോ. അബ്ദുല്ല അല്‍ മോസ്‌നാദും പറയുന്നു.

എന്നാല്‍ സൗദിയില്‍ പതിവനുരിച്ച് ചന്ദ്രക്കല ദൃശ്യമായാല്‍ മാത്രമാണ് പെരുന്നാള്‍ ദിവസം പ്രഖ്യാപിക്കാറുള്ളത്.