പൊതു വിഷയങ്ങളില്‍ സഹകരിച്ചു നീങ്ങും: മുനവ്വറലി തങ്ങള്‍, ഡോ. അസ്ഹരി

ജിദ്ദ: മുസ്‌ലിം സംഘടനകള്‍ പൊതു വിഷയങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് യുവ മുസ്‌ലിം നായകരായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും മര്‍കസ് നോളെജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.എ.എച്ച് അസ്ഹരിയും ആഹ്വാനം ചെയ്തു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും പൊതു പ്രശ്‌നങ്ങളില്‍ ഒരുമിച്ചുനിന്ന് സമുദായത്തെ നയിക്കുന്നതിന്റെ ഉദാഹരണമാണ് പൗരത്വ വിഷയത്തിലെ കൂട്ടായ നീക്കങ്ങളെന്ന് ഇരുവരും സൂചിപ്പിച്ചു. ജിദ്ദ ആസ്ഥനമായ ഗുഡ് വില്‍ ഗ്‌ളോബല്‍ ഇനിഷ്യെറ്റീവ് (ജിജിഐ) സംഘടിപ്പിച്ച റമദാന്‍ പ്രഭാഷണ പരമ്പരയുടെ സമാപന ഓണ്‍ലൈന്‍ സെഷനില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

‘ബഹുസ്വരതയില്‍ വിരിയേണ്ട സാംസ്‌കാരിക വസന്തം” എന്ന വിഷയത്തില്‍ അസ്ഹരി റമദാന്‍ പ്രഭാഷണവും ‘വഴിവിളക്കാവേണ്ടത് വ്രതചൈതന്യം” എന്ന വിഷയത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉപസംഹാര പ്രസംഗവും നടത്തി.

സമുദായത്തിലെ ഭിന്നത മാറണമെന്നും ഞങ്ങള്‍ എന്നതിനുപകരം നമ്മള്‍ എന്ന ചിന്താഗതിയുണ്ടാവണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ദേശിച്ചു. പൊതു പ്രശ്‌നമായ പൗരത്വ വിഷയത്തില്‍ എല്ലാ വിഭാഗം നേതാക്കളും ഒരേ വേദിയില്‍ അണിനിരക്കുകയും പ്രമേയം പാസാക്കുകയും ചെയ്തു. പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ വിഷയത്തില്‍ എല്ലാ വിഭാഗം നേതാക്കളുമായും ആശയവിനിമയം നടത്തിയിരുന്നു. മുസ്‌ലിം സൗഹൃദ വേദികള്‍ രൂപപ്പെട്ടിട്ടുണ്ട്. സംയുക്ത പ്രസ്താവനകളിറക്കുകയും സംയുക്ത നിയമപോരാട്ടം നടത്തുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുവിഷയങ്ങളില്‍ ഇടക്കിടെ ആശയവിനിമയം നടത്താറുണ്ടെന്ന് അസ്ഹരിയും വ്യക്തമാക്കി.

കോവിഡ്-19 മഹാമാരിയെതുടര്‍ന്ന് ഗള്‍ഫില്‍ ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികളുടെ പരിചയസമ്പത്ത് കേരളത്തിന് വലിയ മുതല്‍ക്കൂട്ടാവുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കഠിനാധ്വാനത്തിലൂടെ മണല്‍ക്കാടിനെ പൂങ്കാവനമാക്കി മാറ്റിയ പ്രവാസികള്‍ പല തൊഴില്‍ മേഖലകളിലും പരിചയസമ്പത്തും നേതൃശേഷിയും തെളിയിച്ചവരാണ്. ഒരു ലക്ഷത്തിലേറെ അതിഥി തൊഴിലാളികള്‍ സംസ്ഥാനം വിട്ട സാഹചര്യം, നിര്‍മാണ, റെസ്‌റ്റോറന്റ്, കൃഷി തുടങ്ങിയ മേഖലകളില്‍ നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. ചില തൊഴിലുകള്‍ കുലത്തൊഴിലാക്കി പ്രത്യേക വിഭാഗങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്ന പ്രവണത അവസാനിപ്പിച്ച് ഏത് തൊഴിലും ചെയ്യാനുള്ള മനോഭാവമുണ്ടാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. തൊഴില്‍ നൈപുണ്യ പരിശീലനമടക്കമുള്ള സംയുക്ത പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ആലോചിക്കുന്നതായും തങ്ങള്‍ പറഞ്ഞു.

ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ സാംസ്‌കാരികത്തനിമ ചോര്‍ന്നുപോവാതിരിക്കാന്‍ ബദ്ധശ്രദ്ധരായിരിക്കണമെന്ന് നേരത്തെ റമദാന്‍ പ്രഭാഷണത്തില്‍ ഡോ. അസ്ഹരി ഊന്നിപ്പറഞ്ഞു. സ്വന്തം സാംസ്‌കാരികത്തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ, പൊതുസമൂഹവുമായി ക്രിയാത്മകമായി സഹകരിച്ചു പ്രവര്‍ത്തിക്കാമെന്ന ബഹുസ്വരതയുടെ ഉദാത്ത മാതൃകയാണ് പുരാതനകാലം മുതലേ കേരളത്തിന്റെ ചരിത്രം കാഴ്ചവെക്കുന്നത്. കേരളീയ മുസ്‌ലിംങ്ങള്‍ക്ക് അവരുടെതായ ഭാഷയും സംസ്‌കാരവുമുണ്ടായിരുന്നു. അറബി മലയാളത്തില്‍ രചിക്കപ്പെട്ട ആയിരത്തിലധികം കൃതികള്‍ ബ്രിട്ടീഷ് ലൈബ്രറിയില്‍ സൂക്ഷിച്ചിരിപ്പുണ്ട്. ബഹുസ്വരതയില്‍ ലയിക്കാനുള്ള വ്യഗ്രതയില്‍ നമ്മുടെ സാംസ്‌കാരിക ഈടുവെപ്പുകളില്‍ ചിലതെങ്കിലും പില്‍ക്കാലത്ത് ന’ഷ്ടമായി. സാംസ്‌കാരിക മൂല്യങ്ങളിലെ അപചയം വ്യക്തികളുടെ പേരിടുന്നതില്‍പോലും വന്നുചേര്‍ന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി സൂം സെഷനില്‍ സംബന്ധിച്ചവര്‍ മുനവ്വറലി തങ്ങളുമായും ഡോ. അസ്ഹരിയുമായും നടത്തിയ ചോദ്യോത്തര പരിപാടി ഏറെ പ്രോജ്വലമായിരുന്നു. ജി.ജി.ഐ പ്രസിഡന്റ് ഡോ. ഇസ്മായില്‍ മരിതേരി മോഡറേറ്ററായിരുന്നു. ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ സ്വാഗതവും ട്രഷറര്‍ ഹസന്‍ സിദ്ദീഖ് ബാബു നന്ദിയും പറഞ്ഞു. ജി.ജി.ഐ രക്ഷാധികാരികളായ ആലുങ്ങല്‍ മുഹമ്മദ്, വി.പി. മുഹമ്മദലി, മുല്ലവീട്ടില്‍ സലീം തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. സഹല്‍ കാളമ്പ്രാട്ടില്‍ ഖിറാഅത്ത് നടത്തി.