പ്രവാസികള്‍ക്ക് കൈത്താങ്ങായി വെല്‍ഫയര്‍ പാര്‍ട്ടി കൂടെ നില്‍ക്കും: സംസ്ഥാന ജനറല്‍ സെക്രട്ടറി

ജിദ്ദ: രാജ്യത്തെ സാമ്പത്തിക സ്രോതസിന്റെ നട്ടെല്ലായ പ്രവാസികള്‍ക്കൊപ്പം എല്ലാ ഘട്ടങ്ങളിലും വെല്‍ഫയര്‍ പാര്‍ട്ടി കൂടെയുണ്ടാവുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ഷെഫീഖ് പ്രസ്താവിച്ചു.

കോവിഡ് ലോക്ക് ഡൗണ്‍ കാരണം പ്രയാസമനുഭവിക്കുകയും അതിനാല്‍ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുകയും ചെയ്യുന്ന അര്‍ഹരായ 300 പ്രവാസികള്‍ക്ക് തിരിച്ച് വരവിനുള്ള വിമാന യാത്രാ ടിക്കറ്റ് പാര്‍ട്ടി നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം  ഇതിനകം പ്രസ്താവിച്ചു കഴിഞ്ഞതായി കെ എ ഷെഫീഖ് പറഞ്ഞു. പ്രവാസി സാംസ്‌കാരിക വേദി വെസ്‌റ്റേണ്‍ പ്രൊവിന്‍സ് സംഘടിപ്പിച്ച നേതൃ സംഗമത്തെ ഓണ്‍ലൈന്‍ വഴി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നാട്ടിലെത്തുന്ന  പ്രവാസികളെ പരിചരിക്കാന്‍ സന്നദ്ധ പരിശീലനം സിദ്ധിച്ച ടീം വെല്‍ഫെയര്‍ വളണ്ടിയര്‍മാര്‍ നാട്ടില്‍ പ്രവര്‍ത്തന സജജരാണ്.

നിര്‍ണായക ഘട്ടത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായ പ്രവാസികളെ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കൈയൊഴിഞ്ഞത് നെറികേടാണെന്ന് അദ്ദേഹം പറഞ്ഞു. കോര്‍പറേറ്റുകളുടെയും അഴിമതിക്കാരുടെയും അറുപത്തി അയ്യായിരം കോടി എഴുതിത്തള്ളിയ അതേ ബി ജെ പി  സര്‍ക്കാരാണ് തിരിച്ചുവരവിനുള്ള യാത്രാ ചിലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്ന് നിര്‍ലജജം ആവശ്യപ്പെട്ടതെന്ന് മനസിലാക്കണം. വെല്‍ഫയര്‍ പാര്‍ട്ടിയടക്കം വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ നിരന്തര സമ്മര്‍ദ്ദവും ഇടപെടലുകളുമാണ് സ്വന്തം ചിലവിലാണെങ്കിലും ഇപ്പോള്‍ തിരിച്ച് വരാനെങ്കിലുമുള്ള വഴിയൊരുക്കിയത്.

മറ്റേതൊരു മുന്‍ നിര രാഷ്ട്രീയ പാര്‍ട്ടിയേക്കാളും വലിയ ഉത്തരവാദിത്വങ്ങളാണ് ക്രിയാത്മക പ്രതിപക്ഷമായി വെല്‍ഫയര്‍ പാര്‍ട്ടി നിറവേറ്റിക്കൊണ്ടിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പാര്‍ട്ടി പ്രതിനിധികള്‍ രാജ്യത്തിന് തന്നെ മാതൃകാപരമായ സേവനങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി സാംസ്‌കാരിക വേദി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍ അധ്യക്ഷത വഹിച്ചു. ലോക്ക്ഡൗണിന്റെ തുടക്കം മുതല്‍ ജിദ്ദയില്‍ പ്രവര്‍ത്തിച്ചുവരുന്ന കോവിഡ് ഹെല്‍പ് ഡെസ്‌കിന്റെ സേവന, വിതരണ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കണ്‍വീനര്‍ കെ എം കരീം വിശദീകരിച്ചു. ഇസ്മായില്‍ കല്ലായി, ഓവിങ്ങല്‍ മുഹമ്മദലി, നിസാര്‍ ഇരിട്ടി എന്നിവര്‍ സംസാരിച്ചു. വേങ്ങര നാസര്‍, യൂസുഫ് പരപ്പന്‍, അമീര്‍ ചെറുകോട്, പി ഇ നജീബ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ജനറല്‍ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി സ്വാഗതവും ഇ പി സിറാജ് നന്ദിയും പറഞ്ഞു.