സംസം വിതരണം സൗദിയുടെ എല്ലാ ഭാഗങ്ങളിലേക്കും വിപുലപ്പെടുത്തി

‘ലുലു”, ‘ഉതൈം” സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയും സംസം വിതരണം

മക്ക: വിശുദ്ധ റമളാനില്‍ സംസം വെള്ളത്തിനു വേണ്ടിയുള്ള അമിതമായ ആവശ്യങ്ങള്‍ പരിഗണിച്ച് സംസം വിതരണം നാഷണല്‍ വാട്ടര്‍ അതോറിറ്റിയുടെ സഹകരണത്തോടെ വിപുലപ്പെടുത്തുമെന്ന് ഇരു ഹറം ഭരണ കാര്യാലയം അറിയിച്ചു.

നേരത്തെ, കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള മുന്‍കരുതലുകളുടെ ഭാഗമായി സംസം വെള്ളം ഫാക്ടറി അടച്ചിട്ട സാഹചര്യത്തില്‍, സംസം ബോട്ടിലുകള്‍ വീടുകളിലേക്ക് എത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു.

ഓണ്‍ലൈന്‍ വഴിയും, സൗദിയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍സ് വ്യാപാര ശ്രിംഘലയായ പാണ്ഡ ഷോപ്പുകള്‍ വഴിയുമായിരുന്നു വിതരണം ചെയ്തിരുന്നത്. എന്നാല്‍, വിശുദ്ധ റമളാനില്‍ സംസം വാങ്ങുന്നവരുടെ വര്‍ദ്ധനവ് കാരണം നിലവിലെ വിതരണ സംവിധാനം മതിയാവാതെ വന്ന സാഹചര്യത്തില്‍ കൂടുതല്‍ ഔട്ടലെറ്റുകളിലൂടെ സംസം വിതരണം വിപുലപ്പെടുത്തുവാന്‍ തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി സൗദിയിലെ ‘ലുലു’ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയും ‘ഉതൈം സൂപ്പര്‍മാര്‍ക്കറ്റ്” മാര്‍ക്കറ്റുകള്‍ വഴിയും 5 ലിറ്ററിന്റെ സംസം ബോട്ടിലുകള്‍ വിതരണം ചെയ്യുവാന്‍ സംവിധാനം ചെയ്തതായി അധികൃതര്‍ അറിയിച്ചു. 5 ലിറ്ററിന്റെ ഒരു ബോട്ടിലിന് 5 റിയാലാണ് വില നിശ്ചയിച്ചിട്ടുള്ളത്.