കോവിഡ് പ്രതിസന്ധി: കുടുംബ സുരക്ഷയിലെ അംഗങ്ങള്‍ക്ക് സഹായവുമായി മലപ്പുറം ജില്ലാ കെ.എം.സി.സി

ജിദ്ദ: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദിയില്‍ നടപ്പിലാക്കിയ ലോക്ഡൗണ്‍ കാരണം ജോലി നഷ്ടപെട്ടും, ശമ്പളുമില്ലാതെയും, അവധിക്കുവന്ന് തിരികെ പോകുവാന്‍ സാധിക്കാതെയും പ്രയാസപ്പെടുന്നവര്‍ക്ക് പലിശ രഹിത വായ്പ നല്‍കുന്നു. ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി കമ്മിറ്റിയുടെ കീഴിലുള്ള കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ പ്രവാസികള്‍ക്കാണ് അവരുടെ കുടുംബത്തിന്റെ നിത്യ ജീവിത ചെലവുകള്‍ നിറവേറ്റുന്നതിനായി പലിശ രഹിത വായ്പ നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്.

പ്രസിഡണ്ട് പി.എം.എ ഗഫൂര്‍ പട്ടിക്കാടിന്റെ അദ്ധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി ചേര്‍ന്ന ജിദ്ദ-മലപ്പുറം ജില്ലാ കെ.എം.സി.സി പ്രവര്‍ത്തക സമിതി യോഗമാണ് നിരവധിപേര്‍ക്ക് സഹായകമാകുന്ന തീരുമാനം കൈകൊണ്ടത്. ജില്ലാ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷം തുടര്‍ച്ചയായി അംഗത്വം നിലനിര്‍ത്തിയവര്‍ക്കാണ് പലിശ രഹിത വായ്പക്ക് കര്‍ഹത ഉണ്ടാവുക.

ജില്ലാ കെ.എം.സി.സി പ്രവര്‍ത്തക സമിതി യോഗം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ഉല്‍ഘാടനം ചെയ്തു. പ്രതിസന്ധി ഘട്ടത്തില്‍ പ്രവാസികളെ ചേര്‍ത്ത് പിടിച്ച് സെന്‍ട്രല്‍ കമ്മിറ്റി നടത്തിക്കൊണ്ടിരിക്കുന്ന ‘കാരുണ്യ ഹസ്തം” റിലീഫ് കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സാമ്പത്തികമായി സഹായിച്ചും, കിറ്റിലേക്ക് വേണ്ട ധാന്യങ്ങള്‍ സമാഹരിച്ചും വലിയ പിന്തുണ നല്‍കി കൊണ്ടിരിക്കുന്ന ജില്ലാ കമ്മിറ്റി, ഇപ്പോള്‍ മുന്നോട്ട് വെക്കുന്ന പലിശ രഹിത വായ്പാ പദ്ധതി തികച്ചും മതൃകാപരവും അവസരോചിതവുമാണെന്ന് അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു.

കുടുംബത്തിന്റെ ഏക ആശ്രയമായ പ്രവാസി, ലോക് ഡൗണ്‍ കാരണം വരുമാനമില്ലാതെ ജോലിയും ശമ്പളവുമില്ലാതെ പ്രവാസ ലോകത്ത് റൂമില്‍ ഇരിക്കേണ്ട അവസ്ഥയില്‍  നാട്ടിലെ കുടുംബത്തിന്റെ നിത്യ ചെലവിന് പോലും മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ വിഷമിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഏറ്റവും അനുയോജ്യരായവര്‍ക്ക് 10,000 രൂപ വീതം പലിശ രഹിത വായ്പ അനുവദിക്കുന്നതിന് മലപ്പുറം ജില്ലാ കെ.എം.സി.സി പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

ജില്ലാ കമ്മിറ്റിയുടെ കീഴ്ഘടകമായ മണ്ഡലം കമ്മിറ്റികളുടെ ശുപാര്‍ശക്ക് വിധേയമായിട്ടായിരിക്കും വായ്പ അനുവദിക്കുക. കോവിഡ് പ്രതിസന്ധിഘട്ടത്തിലും ഇക്കൊല്ലത്തെ കുടുംബ സുരക്ഷാ പദ്ധതി കാമ്പയിന്‍ വന്‍ വിജയമാക്കിയ മുഴുവന്‍ മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത്, ഏരിയ കമ്മിറ്റികളേയും കോര്‍ഡിനേറ്റര്‍മാരെയും യോഗം അഭിനന്ദിച്ചു.

ലോകമാകെ ലോക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത് കാരണം പ്രയാസത്തിലായ പ്രവിസികള്‍ക്ക് താങ്ങാവേണ്ടിയിരുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അലംഭാവം പ്രകടിപ്പിച്ചപ്പോള്‍, ജാതി മത – രാഷ്ട്രീയ വ്യവ്യതകള്‍ക്കതീതമായി ആവശ്യക്കാര്‍ക്ക് സഹായം എത്തിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് കെ.എം.സി.സിയായിരുന്നുവെന്ന് യോഗം വിലയിരുത്തി.

ജിദ്ദയില്‍ ലോക് ഡൗണില്‍ പ്രയാസപ്പെട്ടവര്‍ക്ക് ആവശ്യമരുന്നുകളെത്തിച്ചും ഭക്ഷണ കിറ്റുകളെത്തിച്ചും  സമാനതകളില്ലാത്ത സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ സെന്‍ട്രല്‍ കമ്മിറ്റിയെ യോഗം അഭിനന്ദിച്ചു, ജില്ലാ കെ.എം.സി.സി ചെയര്‍മാന്‍ ബാബു നഹ്ദിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ എയ്ഡുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളെയും അഭിനന്ദിച്ചു.

പകര്‍ച്ചവ്യാധിയുള്ളപ്പോള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരുന്നതിന് വിശ്വാസപരമായ ബാധ്യതയുള്ളവരാണ് മുസ്‌ലിംങ്ങള്‍. നാട്ടിലേക്ക് മടങ്ങിപോവുന്നതിന് പരിമിതമായ സൗകര്യങ്ങള്‍ ഇപ്പോള്‍ ലഭ്യമാണെങ്കിലും, നാട്ടിലെ അവസ്ഥ മനസ്സിലാക്കി വിസാ കാലാവധിയുള്ളവര്‍ പ്രവാസ ലോകത്ത് തന്നെ തുടരുന്നതാണ് ഭാവി ജീവിതത്തിന് അഭികാമ്യമെന്നും യോഗം അഭിപ്രായപ്പെട്ടു.

കേരളത്തില്‍ ലോക് ഡൗണ്‍ കാരണം വിദേശത്തേക്ക് മടങ്ങിപ്പോവാന്‍ കഴിയാത്തവര്‍ക്കായി നോര്‍ക്ക വഴി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 5,000 രൂപ ധനസഹായം എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്നും, ഇപ്പോള്‍ പ്രവാസലോകത്ത് നിന്നും ജോലി നഷ്ടപ്പെട്ട്  മടങ്ങിവരുന്നവര്‍ക്ക് കൂടി ധനസഹായം ലഭിക്കുന്നതിന് വേണ്ടി അപേക്ഷിക്കുവാനുള്ള സമയ പരിധി ദീര്‍ഘിപ്പിക്കണമെന്നും അവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും മറ്റുമായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നിസാം മമ്പാട്, വി.പി മുസ്തഫ, സി.സി കരീം, ഇസ്ഹാഖ് പൂണ്ടോളി ജില്ലാ ഭാരവാഹികളായ മജീദ് അരിമ്പ്ര, സീതി കൊളക്കാടന്‍, ഇല്‍യാസ് കല്ലിങ്ങല്‍, നാസര്‍ കാടാമ്പുഴ, അബ്ബാസ് വേങ്ങൂര്‍, ജലാല്‍ തേഞ്ഞിപ്പലം, സാബില്‍ മമ്പാട്, സുല്‍ഫീക്കര്‍ ഒതായി, വി.വി അഷ്‌റഫ്, അബ്ദുല്‍ ഗഫൂര്‍ വടക്കാങ്ങര തുടങ്ങിയവരും വിവിധ മണ്ഡലം പ്രസിഡണ്ട് സെക്രട്ടറിമാരും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഹബീബ് കല്ലന്‍ സ്വാഗതവും ഓര്‍ഗ. സെക്രട്ടറി കെ.ടി. ജുനൈസ് നന്ദിയും പറഞ്ഞു. യാസിദ് തീരൂര്‍ ഖിറാഅത്ത് നടത്തി.