വിശാഖപട്ടണത്ത് വിഷവാതക ചോര്‍ച്ച; കുട്ടിയുള്‍പ്പെടെ മൂന്ന് മരണം, നിരവധിപ്പേര്‍ ആശുപത്രിയില്‍

വിശാഖപട്ടണം: ആന്ത്രാപ്രദേശിലെ വിശാഖപട്ടണത്ത് രാസ നിര്‍മാണ ഫാക്ടറിയില്‍ ഉണ്ടായ വിഷവാതകചോര്‍ച്ചയെ തുടര്‍ന്ന് ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ആര്‍.ആര്‍ വെങ്കിടാപുരത്തെ എല്‍ജി പോളിമെര്‍ ഫാക്ടറിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വാതകചോര്‍ച്ച ഉണ്ടായത്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന ഫാക്ടറി കഴിഞ്ഞ ദിവസമായിരുന്നു തുറന്നത്.

ഫാക്ടറിയുടെ അഞ്ചുകിലോമീറ്റര്‍ പരിധിയില്‍ വിഷവാതകം ചോര്‍ന്നതായി സൂചനയുണ്ട്. ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമീപത്തെ 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണ്. നിരവധിപേര്‍ ബോധരഹിതരായതായും റിപ്പോര്‍ട്ടുണ്ട്.

നിരവധി പേര്‍ ബോധം നഷ്ടപ്പെട്ട് വീടുകളിലും തെരുവുകളിലും കിടന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഏകദേശം 200 ആളുകളെ ഇതിനകം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സുകള്‍, ഫയര്‍ എന്‍ജിനുകള്‍, പോലീസ് എന്നിവര്‍ സംഭവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.

സമീപത്തുള്ള വീടുകളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വീടുകളില്‍ നിന്ന് പുറത്തിറങ്ങിയവര്‍ക്ക് ശ്വാസതടസവും ഛര്‍ദ്ദിയും കണ്ണെരിച്ചിലും അനുഭവപ്പെട്ടു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന ഉടന്‍ തന്നെ സംഭവസ്ഥലത്ത് എത്തിച്ചേരും.