കോവിഡ് ബാധിച്ച് വിദേശത്ത് മരണപ്പെട്ട പ്രവിസികളുടെ ആശ്രിതര്‍ക്ക് അടിയന്തിര ധന സഹായം നല്‍കണം: ജിദ്ദാ മലപ്പുറം ജില്ലാ കെഎംസിസി

ജിദ്ദ: കോറോണ രോഗം ബാധിച്ച് വിദേശ രാജ്യങ്ങളില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അടിയന്തിര സഹായം നല്‍കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്ന്  ജിദ്ദാ മലപ്പുറം ജില്ലാ കെഎംസിസി എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫ്രന്‍സ് വഴി സംഘടിപ്പിച്ച യോഗത്തില്‍ പ്രസിഡന്റ് ഗഫൂര്‍ പട്ടിക്കാട് അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ബാബു നഹ്ദി ഉല്‍ഘാടനം ചെയ്തു.

വിദേശങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങളില്‍ ജോലി ന’ഷ്ടപെട്ടും തൊഴില്‍ കരാര്‍ അവസാനിച്ചും കുടുങ്ങിപ്പോയ പ്രവാസികളുടെ തിരിച്ചു വരവിനുള്ള മുഴുവന്‍ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും, കേരളത്തിന്റെ സമ്പദ്ഘടന കെട്ടിപ്പടുക്കാന്‍ പ്രവാസികള്‍ വഹിച്ച പങ്കിന് ചെറിയ തോതിലെങ്കിലും നന്ദി കാണിക്കാന്‍ ഈ പ്രതിസന്ധി സമയത്ത് സര്‍ക്കാര്‍ തയ്യാറാവണമെന്നും ബാബു നഹ്ദി ആവശ്യപ്പെട്ടു.

കോവിഡ് പശ്ചാത്തലത്തില്‍ ആവശ്യ മരുന്നുകള്‍ കിട്ടാതെ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് നാട്ടില്‍ നിന്ന് മരുന്നെത്തിച്ച് വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, പ്രവാസ ലോകത്തു കോവിഡ് ബാധിതരെയും ജോലി നഷ്ടപെട്ടവരെയും സഹായിക്കുന്നതിന് ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും അടിയന്തിര സഹായം അനുവദിക്കുക, ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് വ്യാപനം കൂടി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നു വിദഗ്ധരായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘത്തെ അയക്കുക, എംബസിയുടെ കീഴില്‍ കോറന്റെന്‍ – ഐസൊലേഷന്‍ സംവിധാനം ഒരുക്കുക, രോഗ ലക്ഷണമുള്ളവരെ ഹോസ്പിറ്റലില്‍ എത്തിക്കുന്നതിന് എംബസിയുടെ കീഴില്‍ ആംബുലെന്‍സുകള്‍ ലഭ്യമാക്കുക, നാട്ടിലേക്ക് മടങ്ങാന്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ കോവിഡ് ടെസ്റ്റിന് വേണ്ട ചെലവ് എംബസ്സിയുടെ കീഴിലെ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് ഉപയോഗിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക്  എം.പിമാരും  സംസ്ഥാന സര്‍ക്കാരും ഒറ്റക്കെട്ടായി നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ട് വന്ന് പരിഹാരം കാണണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഇക്കാര്യങ്ങളില്‍ ബന്ധപ്പെട്ടവര്‍ക്ക് കത്തയക്കാന്‍ യോഗം തീരുമാനിച്ചു. ഭാരവാഹികളായ സീതി കൊളക്കാടന്‍, മജീദ് അരിമ്പ്ര, ഇല്ലിയാസ് കല്ലിങ്ങല്‍, ജലാല്‍ തേഞ്ഞിപ്പലം, നാസര്‍ കാടാമ്പുഴ, സുള്‍ഫിക്കര്‍ ഒതായി, സാബില്‍ മമ്പാട്, അബ്ദുല്‍ ഗഫൂര്‍, അബ്ബാസ് വേങ്ങൂര്‍, അഷ്‌റഫ് വി വി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഹബീബ് കല്ലന്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ ടി ജുനൈസ് നന്ദിയും പറഞ്ഞു.