സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് കേസുകളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് കേസുകളില്ല. രോഗം സ്ഥിരീകരിച്ച് കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിയുടെ ഫലം ഇന്ന് നെഗറ്റീവായി. ഇതുവരെ 401 പേർ രോഗമുക്തരായി. 95 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 21,720 പേര്‍ നിരീക്ഷണത്തിലാണ്.

21, 332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലുമാണ് ഉള്ളത്. രോഗലക്ഷണങ്ങള്‍ ഉള്ള 32,217 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 31, 611 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്.

ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ പ്രയോറിറ്റി ഗ്രൂപ്പുകളിൽ നിന്ന് 2391 സാമ്പിളുകൾ ശേഖരിച്ചതിൽ 1683 എണ്ണം നെഗറ്റീവ് ആയിട്ടുണ്ട്. ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിലാണ് രോഗബാധിതരുടെ വിവരങ്ങൾ വ്യക്തമാക്കുന്നത്.