സ്വകാര്യ സ്‌കൂളുകള്‍ 50 ശതമാനം വരെ ഫീസ് കുറക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ പ്രവൃത്തിക്കുന്ന നിരവധി സ്വകാര്യ സ്‌കൂളുകള്‍ 10 മുതല്‍ 50 ശതമാനം വരെ ഫീസ് വെട്ടിക്കുറക്കുവാന്‍ മുന്നോട്ട് വന്നതായും ഇതു സംബന്ധമായി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് സ്‌ക്കൂള്‍ അധികൃതരില്‍നിന്നും മെസ്സേജ് വന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
അതേസമയം ചില സ്വകാര്യ സ്‌കൂളുകള്‍ ഫീസ് കുറക്കുന്ന ആനുകൂല്യം ലഭിക്കുന്നതിന് നേരത്തെ അടക്കാനുള്ള തുക മുഴുവനും ഈ മാസം തന്നെ അടക്കണമെന്ന നിബന്ധനയും മുന്നോട്ട് വെച്ചതായും റിപ്പോര്‍ട്ടുണ്ട്.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ഫീസ് വെട്ടിക്കുറക്കുകയോ, അല്ലെങ്കില്‍ സ്‌കൂളുകള്‍ പ്രവൃത്തിക്കുന്ന സമയങ്ങളില്‍ മാത്രം ഫീസ് ഈടാക്കുകയോ ചെയ്യുവാന്‍ സ്‌കൂള്‍ മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് രക്ഷിതാക്കള്‍ ഉത്തരവാദപ്പെട്ട വിഭാഗങ്ങള്‍ക്ക് മുന്നില്‍ നിര്‍ദ്ദേശംവെച്ചിരുന്നു.
രക്ഷിതാക്കളുടെ ആവശ്യം ന്യായമാണെന്നും പരാതിയില്‍ മാന്യമായ പരിഹാരം ഉണ്ടാവുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ സ്വകാര്യ സ്‌കൂളുകളെയും വിദേശ സ്‌കൂളുകളെയും സഹായിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.






