പള്ളികളിലെ വിലക്കുകള്‍ നീക്കുന്നത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം: സൗദി മതകാര്യ മന്ത്രാലയം

റിയാദ്: പള്ളികളില്‍ ജുമുഅ നമസ്‌കാരങ്ങളും ജമാഅത്ത് നമസ്‌കാരങ്ങളും പുനശ്ശസ്ഥാപിക്കുന്നത് ജനങ്ങളുടെ സുരക്ഷക്ക് മതിയായ ഉറപ്പ് ലഭിച്ചതിന് ശേഷം മാത്രമായിരിക്കുമെന്ന് സൗദി മതകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദി ആരോഗ്യ മന്ത്രാലയം പ്രതിനിധികളും കൊറോണ വൈറസ് പാന്‍ഡെമിക്ക് നിരീക്ഷിക്കുന്ന സമിതിയും ജനങ്ങളുടെ ആരോഗ്യ സുരക്ഷ വിലയിരുത്തിയതിന് ശേഷം മാത്രമായിരിക്കും പള്ളികള്‍ വിശ്വാസികള്‍ക്ക് വീണ്ടും തുറന്നുകൊടുക്കുക എന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

പള്ളികള്‍ പ്രാര്‍ത്ഥനക്കായി ഉടന്‍ തുറന്നു കൊടുക്കുമെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കൊറോണ വൈറസ് പാന്‍ഡെമിക്ക് നിരീക്ഷിക്കുന്ന സമിതിയുടെയും സൗദി ഉന്നതാധികാര പണ്ഡിത സഭയുടെയും ശുപാര്‍ശ പ്രകാരം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവനുസരിച്ചാണ് പള്ളികള്‍ തല്‍ക്കാലത്തേക്ക് അടച്ചിട്ടതെന്നും മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് 19 വ്യാപകമാവുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യു സമയങ്ങളില്‍ മാറ്റം വരുത്തിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്ക് യാഥാര്‍ഥ്യവുമായി ബന്ധമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

നിലവിലെ സാഹചര്യത്തില്‍ വല്ല മാറ്റവും ഉണ്ടാവുന്ന പക്ഷം ഉത്തരവാദപ്പെട്ട വാര്‍ത്താ കേന്ദ്രങ്ങളില്‍ നിന്നും അറിയിക്കും. വാര്‍ത്തകള്‍ അതിന്റെ ശരിയായ ഉറവിടത്തില്‍ നിന്നും സ്വീകരിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അതേസമയം, കൊറോണ വൈറസുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിന് വീഡിയോ ക്ലിപ്പുകളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച വ്യക്തിയെ പിടികൂടിയതായി റിയാദ് പ്രവിശ്യ പോലീസ് വക്താവ് കേണല്‍ ശാക്കിര്‍ ബിന്‍ സുലൈമാന്‍ അല്‍ തുവൈജിരി വ്യക്തമാക്കി.

സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന വ്യക്തിയെയാണ് പിടികൂടിയത്. രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മുന്‍കരുതല്‍ നടപടികളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും തെറ്റായ സന്ദേശങ്ങളും ഇദ്ദേഹം പ്രചരിപ്പിക്കുന്നു.
അതുപോലെ നിലവിലെ കര്‍ഫ്യു സമയങ്ങളില്‍ മാറ്റം വരുത്തുന്നതിനും പള്ളികളിലെ നിസ്‌കാരങ്ങള്‍ നടത്തുന്നതിനും തിയ്യതി നിശ്ചയിച്ചിട്ടുണ്ടെന്നും ഇദ്ദേഹം വിഡിയോവിലൂടെ അവകാശപ്പെട്ടിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. നാല്പതുകാരനായ സ്വദേശി പൗരനാണ് പ്രതിയെന്നും പ്രതിക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വക്താവ് അറിയിച്ചു.