ഭക്ഷണത്തിനും മരുന്നിനുമായി പ്രയാസപ്പെടുന്നവര്‍ക്ക് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിംഗിന്റെ സഹായം

അഫ്ഷിന്‍
റിയാദ്: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ റിയാദില്‍ ഭക്ഷണത്തിനും മരുന്നിനുമായി പ്രയാസപ്പെട്ടിരുന്ന നാലായിരത്തിലധികം പേര്‍ക്ക് നാലാഴ്ചക്കുള്ളില്‍ ഭക്ഷണ കിറ്റും മരുന്നുകളും വിതരണം ചെയ്തതായി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിംഗ് അറിയിച്ചു. കോവിഡ് വ്യാപനവും അനുബന്ധമായി കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളും റിയാദില്‍ കുടുംബമൊത്ത് താമസിക്കുന്നവരടക്കമുള്ള നിരവധി പ്രവാസികള്‍ക്ക് ദുരിതമായി മാറിയ സാഹചര്യത്തിലാണ് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ ഉപവിഭാഗമായ വെല്‍ ഫെയര്‍ വിംഗ് കോവിഡ് റിലീഫ് സെല്‍ രൂപീകരിച്ച് പ്രവര്‍ത്തന തുടങ്ങിയത്.
ഏപ്രീല്‍ ആദ്യ വാരത്തില്‍ ആരംഭിച്ച പ്രവര്‍ത്തനം ഇതിനകം റിയാദിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികള്‍ക്ക് കൈത്താങ്ങായി മാറി. മലയാളികള്‍ക്ക് മാത്രമല്ല മറ്റ് സംസ്ഥാനക്കാരായ ഇന്ത്യക്കാരും അല്ലാത്തവരുമായ നിരവധി പേര്‍ക്കാണ് ഇതിനകം റിയാദില്‍ കെ.എം.സി.സിയുടെ സ്‌നേഹ സ്പര്‍ശം ലഭിച്ചത്. രണ്ടാഴ്ച മുതല്‍ ഒരു മാസം വരെ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ തയ്യാറാക്കിയ ഭക്ഷണ കിറ്റുകള്‍ ആവശ്യക്കാര്‍ക്ക് അവരവരുടെ വീടുകളില്‍ എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്.
അതോടൊപ്പം നാട്ടില്‍ നിന്ന് കൊണ്ട് വരുവാനുള്ള മരുന്നുകള്‍ക്കടക്കം നിരവധി പേരാണ് മരുന്നിന്റെ ആവശ്യങ്ങള്‍ക്കായി സമീപിക്കുന്നത്. ഇവര്‍ക്ക് പകരം മരുന്നുകള്‍ ഫാര്‍മസിസ്റ്റുകള്‍ അടങ്ങുന്ന മെഡി കെയര്‍ ടീം പരിശോധിച്ച് കണ്ടെത്തി ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്. എല്ലാ ദിവസവും രാവിലെ മുതല്‍ വൈകീട്ട് വരെ കിറ്റുകള്‍ തയ്യാറാക്കുന്നതിനും അവ എത്തിച്ചു നല്‍ കുന്നതിനുമായി റിയാദ് കെ.എം.സി.സിയുടെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ സജീവമായി കര്‍മ്മ രംഗത്തുണ്ട്. കര്‍ഫ്യൂ നിയന്ത്രങ്ങള്‍ക്കിടയിലും ചില പ്രവര്‍ത്തകര്‍ ജോലി വരെ മാറ്റി വെച്ചാണ് വിഭവങ്ങള്‍ ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും രംഗത്തുള്ളത്. സംഘടനാ പ്രവര്‍ത്തകര്‍ക്കായി റമദാന്‍ കിറ്റും കമ്മിറ്റി വിതരണം ചെയ്തു.
റിയാദിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ബിസിനസുകാര്‍, ഉദാരമതികള്‍ എന്നിവരുടെ സഹായത്തോടെയാണ് വിഭവ സമാഹരണം നടക്കുന്നത്. ദിനേന നൂറുക്കണക്കിന് ആളുകളാണ് ഭക്ഷണത്തിനും മരുന്നിനുമായി ഉപസമിതിയെ ബന്ധപ്പെടുന്നതെന്ന് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി മുസ്തഫ പറഞ്ഞു. പ്രവര്‍ത്തനം തുടരുകയാണെന്നും പ്രവാസികളുടെ പ്രയാസങ്ങള്‍ക്കൊപ്പം കെ.എം.സി.സി എന്നും ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടൊപ്പം കോവിഡ് രോഗികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിനും സഹായങ്ങള്‍ ചെയ്യുന്നതിനുമായി ടെലി കെയര്‍ വിംഗ്, കൗണ്‍സിലിംഗ്, ബോധവല്‍ക്കരണ ക്ലാസുകള്‍, ലീഗല്‍ റൈറ്റ്‌സ് തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ നടന്നു വരുന്നുണ്ട്.
കഴിഞ്ഞ ദിവസം ചേര്‍ന്ന വെല്‍ ഫെയര്‍ വിംഗ് യോഗം ഇത് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മുസ്തഫ ചീക്കോടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സി. പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് വേങ്ങാട്ട്, അബ്ദുല്‍സലാം തൃക്കരിപ്പൂര്‍, സുബൈര്‍ അരിമ്പ്ര, ജലീല്‍ തിരൂര്‍, സിദ്ദീഖ് തുവ്വൂര്‍, ഹുസൈന്‍ കൊപ്പം, മുഹമ്മദ് കണ്ടക്കൈ, മെഹബൂബ്, അഷ്‌റഫ് അച്ചൂര്‍, അബ്ദുറഹ്‌മാന്‍ ഫറോക്ക്, നജീബ് നെല്ലാങ്കണ്ടി, കുഞ്ഞോയി കോടമ്പുഴ, അബ്ദുല്‍ മജീദ് പയ്യന്നൂര്‍, അന്‍വര്‍ വാരം, അഷ്‌റഫ് വെള്ളേപ്പാടം, ഷാഹിദ് മാസ്റ്റര്‍, സഫീര്‍ തിരൂര്‍, മാമുക്കോയ ഒറ്റപ്പാലം, സീദ്ദീഖ് കോങ്ങാട്, നാസര്‍ മാങ്കാവ്, ജസീല മൂസ, കബീര്‍ വൈലത്തൂര്‍, മുജീബ് ഉപ്പട, പി.സി. അലി, അബ്ദുല്‍ മജീദ് പി.സി, നൗഷാദ് ചാക്കീരി, ഹക്കീം വഴിപ്പാറ, നാസര്‍ മംഗലത്ത്, മന്‍സൂര്‍ കണ്ടങ്കരി, ഷജഹാന്‍ വള്ളിക്കുന്ന്, മുബു മുബാറക്ക്, യാക്കൂബ് ഒതായി, അമീന്‍ തൊമ്മങ്കാടന്‍, ഇര്‍ഷാദ്, ശിഹാബ് മണ്ണാര്‍മ്മല, ഷിഹാബ് താഴേക്കോട്, മുത്തു കട്ടുപ്പാറ, ഷഫീഖ് കൂടാളി, സുഹൈല്‍ കൊടുവള്ളി, റഫീഖ് പുപ്പലം, മുനീര്‍ മക്കാനി, സിറാജ് ഒര്‍പ്പയില്‍, സുധീര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.ടി അബൂബക്കര്‍ സ്വാഗതവും ഷംസു പെരുമ്പട്ട നന്ദിയും പറഞ്ഞു.






